തിരുവനന്തപുരം: നഗരത്തിൽ ഹോം ക്വാറന്റൈൻ ലംഘിച്ച് സഞ്ചരിച്ച ഒരാൾക്കെതിരെ കേസെടുത്തു. തമിഴ്നാട്ടിലെ വിരുദുനഗറിൽ നിന്നും കഴിഞ്ഞ 9ന് തലസ്ഥാനത്തെത്തി മെഡിക്കൽ കോളേജ് സ്‌റ്റേഷൻ പരിധിയിൽ ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന ആൾക്കെതിരെയാണ് കേസെടുത്തത്. ക്വാറന്റൈനിലുള്ളവരുടെ ഫോണിൽ പൊലീസിന്റെ ബി സേഫ് ആപ് ഇൻസ്റ്റാൾ ചെയ്തിരുന്നു. ഈ ആപ്പിലൂടെ സിറ്റി പൊലീസിന്റെ കീഴിലുള്ള സൈബർസെൽ നടത്തിയ പരിശോധനയിൽ ഇന്നലെ ഇയാൾ പുറത്തിറങ്ങി സഞ്ചരിച്ചതായി കണ്ടെത്തി. വിവരം മെഡിക്കൽകോളേജ് പൊലീസിനെ അറിയിച്ചു. തുടർന്ന് പൊലീസ് ഇയാളെ ഹോം ക്വാറന്റൈനിൽ നിന്നും സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. ഇയാൾക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് 2020 പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്ട് പ്രകാരവും കേസെടുത്തതായി സിറ്റി പൊലീസ് കമ്മിഷണർ ബൽറാം കുമാർ ഉപാദ്ധ്യായ അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിൽ ക്വാറന്റൈനിൽ കഴിയുന്ന 1903 പേരിൽ 272 പേരുടെ വീടുകളിൽ മാത്രമാണ് ഹോം ക്വാറന്റൈൻ സ്റ്റിക്കർ പതിച്ചിട്ടുള്ളതെന്ന് കണ്ടെത്തി. സ്റ്റിക്കർ പതിക്കാത്ത വീടുകളുടെ പട്ടിക ജില്ലാ ഭരണകൂടത്തിന് കൈമാറി. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി യാത്രചെയ്ത 102 പേർക്കെതിരെ ഇന്നലെ കേസെടുത്തു. ലോക്ക് ഡൗൺ ലംഘനം നടത്തിയ 3 പേർക്കെതിരെയും കേസെടുത്തു.