അവാർഡുകൾ പിറന്നതും ഈ മണ്ണിൽ നിന്ന്
തിരുവനന്തപുരം: മോഹൻലാലിന് ആദ്യത്തെ സംസ്ഥാന അവാർഡ് നേടിക്കൊടുത്ത ടി.പി. ബാലഗോപാലൻ എം.എയും ആദ്യമായി ദേശീയ അംഗീകാരം ലഭിച്ച കിരീടവും ചിത്രീകരിച്ചത് തലസ്ഥാനത്തായിരുന്നു. നിരവധി മോഹൻലാൽ ഹിറ്റുകൾ ലാലിന്റെ പ്രിയപ്പെട്ട തിരുവനന്തപുരത്തെ മണ്ണിലാണ് പിറന്നത്. സത്യൻ അന്തിക്കാട് സംവിധാനം ചെയ്‌ത ടി.പി. ബാലഗോപാലൻ എം.എയുടെ ഷൂട്ടിംഗ് തമ്പാനൂർ ഹാെറൈസൺ ഹോട്ടിലിന്റെ എതിർവശത്ത് നടന്നപ്പോൾ വൻജനാവലിയാണ് കാണാനെത്തിയത്. 1986ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് ആ ചിത്രത്തിലൂടെ മോഹൻലാൽ സ്വന്തമാക്കി. വെള്ളായണിയിലും ആര്യനാട്ടുമായിരുന്നു കിരീടത്തിന്റെ ചിത്രീകരണം. സിനിമയിൽ 'കണ്ണീർ പൂവിന്റെ കവിളിൽ തലോടി...' എന്ന ഗാനത്തിൽ മോഹൻലാൽ നടന്നുപോകുന്ന പാലത്തിന്റെ പേര് പിന്നീട് ' കിരീടം പാലം' എന്നായി മാറിയത് ചരിത്രം. കീരിക്കാടൻ ജോസുമായുള്ള സംഘട്ടനം ചിത്രീകരിച്ച ആര്യനാട് ജംഗ്ഷനും ഷൂട്ടിംഗിന് സാക്ഷിയായ ആൽമരവും ഇപ്പോഴും ഉണ്ട്. 1989ൽ മികച്ച നടനുള്ള പ്രത്യേക പുരസ്‌കാരം കിരീടത്തിലെ അഭിനയത്തിന് മോഹൻലാലിന് ലഭിച്ചു. ചെങ്കോലിന്റെ ഷൂട്ടിംഗ് നടന്നത് പൂങ്കുളത്തും പരിസരത്തുമായിരുന്നു. ജഗദീഷിന്റെ തിരക്കഥയിൽ കെ. മധു സംവിധാനം ചെയ്‌ത 'അധിപൻ' ചിത്രീകരിച്ചത് പി.എം.ജിയിലായിരുന്നു. ആ സിനിമയുടെ ചിത്രീകരണത്തിനിടയിൽ ആരാധനമൂത്ത് ഒരാൾ മോഹൻലാലിന്റെ തോളിലടിച്ചിട്ട് ' അണ്ണാ സുഖാണോ...' എന്നു ചോദിച്ചു. ആ അടിയിൽ വേദനിച്ച
മോഹൻലാലിൽ അയാളെ പിറകെ ഓടിച്ച രസകരമായ സംഭവവുമുണ്ട്. വേണു നാഗവള്ളി സംവിധാനം ചെയ്‌ത് 1986ൽ പുറത്തിറങ്ങിയ 'സുഖമോദേവി'യുടെ ചിത്രീകരണം പി.ടി.പി നഗറിലും ഊക്കോടുമൊക്കെയായിരുന്നു. അടുത്ത വർഷം പുറത്തിറങ്ങിയ പൊളിറ്റിക്കൽ ത്രില്ലർ തമ്പി കണ്ണന്താനത്തിന്റെ ' ഭൂമിയിലെ രാജാക്കന്മാർ' മുടവൻ മുഗളിലെ പഴയൊരു കൊട്ടാരത്തിലാണ് ചിത്രീകരിച്ചത്. ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്‌ത ഒരു നാൾ വരും എന്ന ചിത്രത്തിലെ ഏതാനും രംഗങ്ങൾ ചിത്രീകരിച്ചത് കേരളകൗമുദി ഓഫീസിലാണ്. പ്രിയദർശന്റെ ആദ്യ ചിത്രം 'പൂച്ചയ്‌ക്കൊരു മൂക്കുത്തി' ചിത്രീകരിച്ചത് നേമം സ്റ്റുഡിയോ റോഡിലും പദ്മരാജൻ ഒരുക്കിയ സീസൺ ചിത്രീകരിച്ചത് കോവളത്തുമായിരുന്നു. ഓസ്‌കാർ നോമിനേഷൻ ലഭിച്ച രാജീവ് അഞ്ചലിന്റെ 'ഗുരു' സംസ്ഥാന അവാർഡ് ലഭിച്ച ബ്ളസിയുടെ 'തന്മാത്ര, ടി.കെ. രാജീവ്കുമാറിന്റെ തച്ചോളി വർഗീസ് ചേകവർ, ആരാധകരുടെ ആവേശമായ ആക്‌ഷൻ ത്രില്ലർ കെ. മധുവിന്റെ 'ഇരുപതാം നൂറ്റാണ്ട്', ഡോ. ജനാർദ്ദനന്റെ മഹാസമുദ്രം... അങ്ങനെ നിരവധി ചിത്രങ്ങൾ....
''എനിക്ക് തിരുവനന്തപുരത്തോട് പ്രത്യേക സ്നേഹമാണ്. ജനിച്ചത് പത്തനംതിട്ടയിലാണെങ്കിലും പഠിച്ചതും വളർന്നതുമെല്ലാം തിരുവനന്തപുരത്താണ്. ഒരുപാട് ഓർമ്മകൾ ഈ നഗരത്തെ ചുറ്റിപ്പറ്റിയുണ്ട്. ഈ നാടിനെയും ഇവിടത്തെ നാട്ടുകാരെയും ഞാൻ സ്നേഹിക്കുന്നു '- മോഹൻലാൽ