kovalam

കോവളം: റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാർ വെള്ളായണി കായലിൽ വീണു. ഇന്നലെ രാവിലെ 9 ഓടെ വെള്ളയാണി കാർഷിക കോളേജിനു സമീപമായിരുന്നു സംഭവം. രാജേന്ദ്രൻ എന്നയാളുടെ കാറാണ് കായലിൽ വീണത്. ഇയാൾ തന്റെ ബ്രീസ ഇനത്തിൽപ്പെട്ട കാറിലെത്തുകയും റോഡ് സൈഡിൽ പാർക്ക് ചെയ്ത ശേഷം മീൻ വാങ്ങാൻ പോയ സമയം കാർ തനിയെ ഉരുണ്ടു നീങ്ങി കായലിലേക്ക് വീഴുകയുമായിരുന്നു. ഈ സമയം കാറിനുള്ളിലും സമീപത്തും മറ്റാരും ഇല്ലാതിരുന്നതിനാൽ അനിഷ്ട സംഭവങ്ങൾ ഒഴിവായി. ചരിവുള്ള പ്രദേശത്ത് ഗിയറോ ഹാൻഡ് ബ്രേക്കോ ഇടാതെ കാർ നിറുത്തിയിരുന്നതു മൂലമോ ഗിയർ ഇടാതെ നിറുത്തിയ കാറിൽ ഹാൻഡ് ബ്രേക്ക് തനിയെ പിടിത്തം വിട്ടതോ ആകാം തനിയെ ഉരുണ്ടു പോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ വിഴിഞ്ഞത്തു നിന്ന് ഒരു യൂണിറ്റ് ഫയർഫോഴ്സ് അംഗങ്ങൾ എത്തി രണ്ടു മണിക്കൂർ നേരത്തെ പരിശ്രമത്തിനൊടുവിൽ ക്രെയിൻ ഉപയോഗിച്ചു കാർ കരയ്ക്കെടുക്കുകയായിരുന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ടി.കെ.രവീന്ദ്രൻ,സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ രാജശേഖരൻ നായർ,ഫയർ ആൻഡ് റെസ്‌ക്യു ഓഫീസർ അഭിലാഷ്,സജീഷ് ജോൺ,മോഹനൻ ഡ്രൈവർ ബിജിൽ ഹോം ഗാർഡ് ഗോപകുമാർ,സുനിൽ എന്നിവർ നേതൃത്വം നൽകി.