തിരുവനന്തപുരം: റഷ്യയിലും കുവെെറ്റിലും കുടുങ്ങിയ 262 യാത്രക്കാരുമായി രണ്ട് വിമാനങ്ങൾ ഇന്നലെ തിരുവനന്തപുരത്തെത്തി. റഷ്യയിലെ മോസ്‌കോയിൽ നിന്നുള്ള റോയൽ ഏയർലെെൻസ് രാത്രി 8.45നും കുവൈത്തിൽനിന്നുള്ള എയർ ഇന്ത്യ എക്‌സ്‌പ്രസ്‌ രാത്രി 11ഓടെയുമാണ് എത്തിയത്‌. റഷ്യയിൽ നിന്നു 104 പേരും കുവെെറ്റിൽ നിന്നു 158 പേരുമാണ് നാട്ടിലെത്തിയത്. ഇന്ത്യയിൽ കുടുങ്ങിയ റഷ്യൻ പൗരന്മാരെ കൊണ്ടുപോകുന്നതിനെത്തിയ റോയൽ എയർലെെൻസിലാണ് മലയാളികളെ എത്തിച്ചത്. ഇന്ന് രാവിലെ 10.30ഓടെ വിമാനം റഷ്യൻ പൗരന്മാരുമായി കൊൽക്കത്തയിലേക്കും പിന്നീട് മോസ്കോയിലേക്കും പോകും. കുവെെറ്റിൽ നിന്നു വന്ദേ ഭാരത് മിഷന്റെ ഭാഗമായുള്ള നാലാം വിമാനമാണ് തിരുവനന്തപുരത്തെത്തിയത്. ഇരു വിമാനങ്ങളിലും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് ക്രമീകരണങ്ങൾ നടത്തിയിരുന്നത്. പുറത്തെത്തിയ ഗർഭിണികളും കുട്ടികളും ഒഴികെയുള്ള യാത്രക്കാരെ തെർമൽ സ്‌കാനിംഗിന് വിധേയമാക്കിയ ശേഷം സർക്കാരിന്റെ ക്വാറന്റെെൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോയി. ഇതിനായി ആംബുലൻസടക്കമുള്ള വാഹനങ്ങൾ സജ്ജമാക്കിയിരുന്നു. ഗർഭിണികളെയും കുട്ടികളെയും പരിശോധനകൾക്ക് ശേഷം വീടുകളിലേക്കയച്ചു.