cyclone-

കൊൽക്കത്ത: തീരം തൊട്ട ഉംപുൻ ചുഴലിക്കാറ്റിൽ 5500 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചു. ബം​ഗാളിൽ മണിക്കൂറിൽ 110 മുതൽ 120 കിലോമീറ്റ‍ർ വരെ വേ​ഗത്തിലാണ് കാറ്റ് വീശിയത്. കൊല്‍ക്കത്തയില്‍ പലയിടത്തും മരം കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. ബംഗാളില്‍ അഞ്ച് ലക്ഷം പേരെയും ഒഡീഷയിൽ ഒരു ലക്ഷം പേരെയും ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.

ഒഡീഷയിലെ പുരി , ജാജ്പൂര്‍, ഗഞ്ചം അടക്കമുള്ളിടങ്ങളില്‍ ഇപ്പോഴും കനത്ത മഴ പെയ്യുന്നുണ്ട്. ഉംപുൻ ചുഴലിക്കാറ്റിൽ പശ്ചിമ ബംഗാളിൽ 12 പേർ മരിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. നോർത്ത്, സൗത്ത് പർഗാനസിൽ ചുഴലിക്കാറ്റ് വലിയ നാശം വിതച്ചു. ബംഗാളിൽ ഒരു ലക്ഷം കോടിയുടെ നാശനഷ്ടം ഉണ്ടായി എന്നാണ് പ്രാഥമിക നിഗമനം.

ഉംപുൻ കൊവിഡിനേക്കാൾ വലിയ പ്രഹരം ബംഗാളിന് ഏല്പിച്ചെന്ന് മമത പറഞ്ഞു. കേന്ദ്രം അടിയന്തരമായി സഹായിക്കണമെന്നും മമത ആവശ്യപ്പെട്ടു.രാഷ്ട്രീയം നോക്കാതെ മാനുഷിക പരിഗണന മുൻ നിർത്തിയുള്ള സഹായം വേണമെന്നും കേന്ദ്രത്തോട് മമത പറഞ്ഞു.

ബംഗാളിനെയും ഒഡീഷയെയും വിറപ്പിച്ച് ഉംപൂൺ

കൊല്‍ക്കത്ത: ബംഗാളിനെയും ഒഡീഷയെയും വിറപ്പിച്ച് ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് കനത്ത നാശം വിതക്കുന്നു. 165 കിലോമീറ്റര്‍ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ബംഗാളിലും ഒഡിഷയിലുമായി ഇതുവരെ 12 പേര്‍ മരിച്ചു. നിരവധി വീടുകളും കെട്ടിടങ്ങളും മരങ്ങളും വൈദ്യുതി പോസ്റ്റുകളും നിലംപൊത്തി. കോടിക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി.165 കിലോമീറ്റര്‍ വേഗതയിലാണ് ബംഗാളില്‍ ഉംപുൻ വീശിയത്. ഒഡിഷയില്‍ 155-165 കിമീ വേഗതയിലാണ് കാറ്റ് വീശിയത്.

ഒഡിഷയില്‍ ആരും മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ബംഗാളില്‍ 5 ലക്ഷം പേരെയും ഒഡിഷയില്‍ 1.58 ലക്ഷം പേരെയുമാണ് ഒഴിപ്പിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ഉംപുൻ ചുഴലിക്കാറ്റ് സൂപ്പര്‍ സൈക്ലോണായി മാറിയതോടെയാണ് കനത്ത നാശം വിതച്ചത്. ബുധനാഴ്ചയാണ് ഉംപുൻ കരതൊട്ടത്.

ജാഗ്രതയുടെ ഭാഗമായി കൊല്‍ക്കത്തിയലെ മേല്‍പ്പാലങ്ങള്‍ അടച്ചിരിക്കുകയാണ്. ആളുകള്‍ പുറത്തിറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയുടെ 41 സംഘങ്ങളാണ് ബംഗാളിലും ഒഡീഷയിലുമായുള്ളത്. രക്ഷാ പ്രവര്‍ത്തനത്തിന്നായി നാവിക സേനയുടെ 20 സംഘങ്ങളും സജ്ജമാണ്.