വാഷിംഗ്ടൺ: ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി തർക്കത്തിൽ ചൈനയെ നിശിതമായി വിമർശിച്ച് അമേരിക്ക രംഗത്തെത്തി. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്നതുമാണെന്നാണ് മുതിർന്ന അമേരിക്കൻ നയതന്ത്രജ്ഞ ആലിസ് വെൽസ് പറഞ്ഞു. ലഡാക്കിലെ ഇന്ത്യാ- ചൈനാ സംഘർഷം നിലനിൽക്കുന്നതിനെക്കുറിച്ചായിരുന്നു പരാമർശം.
ലഡാക്കിലും സിക്കിമിലും ഇരുരാജ്യങ്ങളുടെയും സൈനികർ തമ്മിൽ അടുത്തിടെ ഏറ്റുമുട്ടിയിരുന്നു. ദക്ഷിണ ചൈനാക്കടലിലായാലും ഇന്ത്യയുടെ അതിർത്തിയിലായാലും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥജനകമായ പെരുമാറ്റവും ഞങ്ങൾ കാണുന്നുണ്ട്. ചൈനയുടെ കടന്നുകയറ്റങ്ങൾ എല്ലായ്‌പ്പോഴും വെറുതെ മാത്രമാകില്ലെന്ന് തെളിയിക്കുന്നതാണ് അതിർത്തിയിലെ സംഭവങ്ങൾ. വിയറ്റ്‌നാം, മലേഷ്യ, ഫിലിപ്പൈൻസ്, ബ്രൂണെ തുങ്ങിയ രാജ്യങ്ങളുടെ അവകാശങ്ങളെ മറികടന്ന് ദക്ഷിണ ചൈനാ കടലിൽ പരമാധികാരം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന.
കിഴക്കൻ ചൈനാ കടലിലും ഇതുതന്നെയാണ് അവസ്ഥ. ഇവിടത്തെ നിരവധി ദ്വീപുകളിൽ ചൈന സൈനിക താവളങ്ങൾ സജ്ജമാക്കി. ഈ ഭാഗങ്ങളിൽ ധാതു നിക്ഷേപവും വാതക നിക്ഷേപവുമുള്ളതിനൊപ്പം ആഗോള സമുദ്ര ഗതാഗതത്തിന്റെ നിർണായക ഭാഗം കൂടിയാണ്. അതിനാൽ എല്ലാവർക്കും പ്രയോജനം നൽകുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലാതെ ചൈനയ്ക്ക് മേൽക്കോയ്മയുള്ള സംവിധാനത്തെയല്ല-ആലിസ് വെൽസ് പറഞ്ഞു.