തിരുവനന്തപുരം: കൊവിഡിനെ തടഞ്ഞുനിറുത്തുന്നതിൽ കേരളം നേടിയ മേൽകൈ അയഞ്ഞുപോകുന്നത് ആശങ്കയ്ക്കിടയാക്കുന്നു. ഓരോ ദിവസം കഴിയുംതോറും രോഗികളുടെ എണ്ണം കൂടിവരികയാണ്. തടഞ്ഞു നിറുത്തിയിരുന്ന കൊവിഡ് ഇളകി തടങ്ങിയിരിക്കുന്ന അവസ്ഥ. വിദേശങ്ങളിൽ നിന്നും അന്യസംസ്ഥാനങ്ങളിൽ നിന്നും ആൾക്കാർ എത്തിയതോടെയാണ് രണ്ടാംഘട്ട രോഗവ്യാപനം ഉണ്ടായത്.
ഇനി കൂടുതൽ പേർ വരാനിരിക്കുന്നതേയുള്ളൂ. എന്നാൽ മരണ നിരക്ക് ഉയരുന്നില്ല എന്നതാണ് കേരളത്തിന് ആശ്വാസം. ആവശ്യത്തിന് ചികിത്സ ലഭിക്കുന്നതാണ് ഇതിന് കാരണം. ഇതാണ് കേരളത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ കിലോമീറ്ററുകൾ സഞ്ചരിച്ചാലേ ഒരു ആശുപ്രതി കാണാനാവൂ. അതുകൊണ്ട്തന്നെ വേണ്ടത്ര ചികിത്സകിട്ടുന്നില്ല. ഇനി ആശുപ്രതികളുളള മുംബയ് പോലുള്ള സ്ഥലങ്ങളിൽ രോഗത്തെ തടഞ്ഞു നിറുത്താനുമാവുന്നില്ല.
എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾ പരീക്ഷകൾ കൂടി തുടങ്ങുന്നതാണ് ആശങ്ക. മേയ് 1 മുതൽ 7വരെ തീയതികളിൽ പുതിയ രോഗബാധിതരില്ലായിരുന്നു. എട്ടിന് ഒരാൾ പോസിറ്റീവായി. അതുവരെ ചികിത്സയിൽ ഉണ്ടായിരുന്നത് 16 രോഗികൾ മാത്രമായിരുന്നു. മേയ് ഏഴിനാണ് വിദേശത്ത് നിന്നും ആദ്യ വിമാനം എത്തിയത്. ഇതോടെ മേയ് 13 ന് രോഗികളുടെ എണ്ണം രണ്ടക്കത്തിലേക്ക് കടന്നു. 12 ദിവസത്തിനുള്ളിൽ രോഗബാധിതർ 16ൽ നിന്ന് 161 ആയി. 145 പേർ പുതുതായി രോഗം ബാധിച്ചു. നിരീക്ഷണത്തിലുള്ളവരുടെ എണ്ണമാകട്ടെ 74,398 ആയി ഉയർന്നു.
സമ്പർക്കത്തിലൂടെയുള്ള രോഗബാധയും വർദ്ധിക്കുന്നുണ്ട്. വയനാട്ടിലെ ട്രക്ക് ഡ്രൈവറിൽ നിന്നും 10 പേരിലേക്ക് സമ്പർക്കത്തിലൂടെ രോഗം പടർന്നു. അവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മൂന്ന് പൊലീസുകാരും രോഗബാധിതരായി. ഇന്നലെയും കണ്ണൂരിൽ ഒരാൾക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. പ്രവാസികളിൽ കാൽശതമാനം പോലും മടങ്ങിയെത്തിയിട്ടില്ല. ബാക്കിയുള്ളവർ കൂടി എത്തുമ്പോൾ രോഗബാധിതരുടെ എണ്ണം കൂടാനിടയുണ്ട്.