തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി വിൽപ്പന തുടങ്ങി. കൊവിഡ് പെരുമാറ്റചട്ടം പാലിച്ചാണ് വിൽപ്പന. വിൽപ്പനക്കാർക്കുള്ള മാസ്‌കും സാനിറ്റെെസറും ക്ഷേമനിധി ബോർഡുവഴി സൗജന്യമായി നൽകുന്നുണ്ട്. ലോക്ക് ഡൗൺ മൂലം മാർച്ച് 23നാണ് ലോട്ടറി വില്പന നിറുത്തി വച്ചത്. എട്ടു ലോട്ടറികളുടെ നറുക്കെടുപ്പാണ് മാറ്റി വച്ചത്.
ജൂൺ 26ന് സമ്മർ ബമ്പർ നറുക്കെടുപ്പ് നടക്കും. ലോട്ടറി വിൽപ്പനയിൽ നിന്നുള്ള ലാഭം പൂർണമായും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണ് സർക്കാരിന്റെ തീരുമാനം. ഇതും കണക്കിലെടുത്താണ് നറുക്കെടുപ്പ് പുനരാരംഭിക്കുന്നതെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. വിറ്റുപോകാത്ത പൗർണമി, വിൻ വിൻ, സ്ത്രീശക്തി ലോട്ടറികളുടെ 30 ശതമാനം വരെ ഏജന്റുമാരിൽ നിന്ന് തിരിച്ചെടുക്കാനും സർക്കാർ ഉത്തരവിറക്കി.
25 ടിക്കറ്റുകൾ അടങ്ങിയ ബുക്കായി മാത്രമേ ടിക്കറ്റുകൾ തിരിച്ചെടുക്കൂ. ചില്ലറയായി ടിക്കറ്റുകൾ തിരിച്ചെടുക്കില്ല. ക്ഷേമനിധി അംഗങ്ങളായ വിൽപ്പനക്കാർക്ക് 100 ടിക്കറ്റ് കടം നൽകും. ഓണത്തിനുമുമ്പ് പണം ഗഡുക്കളായി തിരിച്ചടയ്ക്കണം. അടച്ചുപൂട്ടലിന്റെ ഭാഗമായി ഉപയോഗശൂന്യമായ ടിക്കറ്റുകൾ ഭാഗ്യക്കുറി ഓഫീസിലെത്തിച്ചാൽ, അതേ നറുക്കെടുപ്പിനുള്ള പുതിയ ടിക്കറ്റ് നൽകും.