
ന്യൂഡല്‍ഹി: തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സര്‍വീസുകളില്‍ മദ്ധ്യഭാഗത്തെ സീറ്റുകള്‍ ഒഴിച്ചിടുന്നത് പ്രായോഗികമല്ലെന്ന് വ്യോമയാനമന്ത്രി ഹര്‍ദീപ് സിംഗ് പുരി. സീറ്റ് ഒഴിച്ചിടുകയാണെങ്കില്‍ വിമാനയാത്ര നിരക്കില്‍ 33% വര്‍ധന ഏര്‍പ്പെടുത്തേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
മദ്ധ്യഭാഗത്തെ സീറ്റ് ഒഴിഞ്ഞുകിടക്കുകയാണെങ്കിലും സാമൂഹിക അകലത്തിനായി നിഷ്‌കര്‍ഷിച്ചിട്ടുള്ള ദൂരം പാലിക്കാനാകാത്ത സാഹചര്യമായിരിക്കും വിമാനത്തിനകത്ത് ഉണ്ടാവുകയെന്നാണ് വ്യോമയാന മന്ത്രാലയം വ്യക്തമാക്കുന്നത്. തിങ്കളാഴ്ച മുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതായി കഴിഞ്ഞ ദിവസമാണ് വ്യോമയാനമന്ത്രി ഹര്‍ദീപ് സിങ് പുരി അറിയിച്ചത്.
സമ്പര്‍ക്കരഹിത ഇടപെടല്‍ ചെക്ക് ഇന്‍ മുതല്‍ ആരംഭിക്കും. യാത്രക്കാര്‍ക്ക് ടിക്കറ്റ് ബാര്‍കോഡ് നല്‍കും അതുവഴി അവര്‍ക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കാം. ലഗേജില്‍ ബാഗേജ് ടാഗ് ഉപയോഗിക്കില്ല. വിമാനത്താവളത്തിലെ എല്ലാ ഇടങ്ങളിലും സാമൂഹിക അകലം പാലിക്കേണ്ടതുണ്ട്. ഗേറ്റുകള്‍ക്ക് പുറത്തു മുതല്‍ കഫറ്റേരിയ വരെ. എന്നാല്‍ സാമൂഹിക അകലം പാലിക്കാന്‍ സാധിക്കാത്ത ഒരേയൊരു സ്ഥലം വിമാനം മാത്രമായിരിക്കും. കാരണം മധ്യഭാഗത്തെ സീറ്റ് ഒഴിച്ചിട്ട് സീറ്റിംഗ് ശേഷി കുറയ്ക്കുന്നത് ടിക്കറ്റ് നിരക്ക് വളരെയധികം ഉയര്‍ത്തുന്നതിന് ഇടയാക്കുമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.
മാര്‍ച്ച് അവസാനമാണ് രാജ്യത്തെ ആഭ്യന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും തിങ്കളാഴ്ച മുതല്‍ പ്രവര്‍ത്തനസജ്ജമാകാന്‍ വ്യോമയാനമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്. യാത്രക്കാര്‍ക്കുള്ള നിര്‍ദേശങ്ങള്‍ പിന്നീട് പുറത്തിറക്കുമെന്നും കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി വ്യക്തമാക്കിയിരുന്നു.