തിരുവനന്തപുരം: വിമാനങ്ങളിലും ഡൽഹിയിൽ നിന്നുള്ള രാജധാനി എക്സ്പ്രസിലുമായി നാട്ടിലെത്തിയവരിൽ 10 പേരെ രോഗലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രികളിലാക്കി. സലാലയിൽ നിന്നുവന്ന ഐ.എക്‌സ്- 342 എയർ ഇന്ത്യ എക്‌സ്പ്രസ് പ്രത്യേക വിമാനത്തിൽ ഇന്നലെ 180 യാത്രക്കാരാണ് കരിപ്പൂർ വിമാനത്താവളത്തിലെത്തിയത്. ഇതിൽ മൂന്ന് പേരെ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി.
പാലക്കാട് സ്വദേശികളായ രണ്ട് പേർക്കാണ് ലക്ഷണങ്ങൾ കണ്ടത്. ഇവരെ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗത്തിന് ചികിത്സയിലുള്ള ഒരു കോഴിക്കോട് സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.ഇന്ന് രാവിലെ തിരുവനന്തപുരത്ത് എത്തിയ ഡൽഹിയിൽ നിന്നുള്ള രാജധാനി എക്സ്പ്രസിൽ 226 യാത്രക്കാരാണ് ഉണ്ടായിരുന്നത്.ഇവരിൽ 127 പേർ റെഡ് സോണിൽ നിന്നും വന്നവരാണ്. ഒരാളെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
കുവൈറ്റ് വിമാനത്തിൽ തിരുവനന്തപുരത്ത് എത്തിയ നാലു പേരെ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ ദുബയിൽ നിന്ന് കൊച്ചിയിലെത്തിയ യാത്രക്കാരിൽ മൂന്നു പേരെ കളമശ്ശേരി മെഡിക്കൽ കോളേജ് ഐസോലേഷനിലേക്ക് മാറ്റിയിട്ടുണ്ട്.