lini

തിരുവനന്തപുരം: രണ്ടുവർഷം മുമ്പ് നിപയ്ക്കെതിരെ പോരാടി മരിച്ച സിസ്റ്റർ ലിനിയുടെ ഓർമ്മകൾ പങ്കുവച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ട്.

നിപ വൈറസ് ലിനിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം വളരെ വലുതാണ്. ആത്മധൈര്യത്തോടെ പറയാൻ കഴിയും കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടവും നമ്മൾ വിജയിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ലിനി ഓർമ്മയായിട്ട് ഇന്ന് 2 വർഷം പൂർത്തിയാവുകയാണ്. ത്യാഗനിർഭരമായ ജോലി ചെയ്യുന്നതിനിടയിൽ ഉണ്ടാവുന്ന ആരോഗ്യ പ്രവർത്തകരുടെ മരണം ഏറെ വേദന നൽകുമെങ്കിലും ലിനിയുടെ മരണം ഒരു പോരാട്ട വീര്യമായി ഉള്ളിലുണ്ട്. തന്നെ വൈറസ് ബാധിച്ചത് തന്റെ തെറ്റ് അല്ലായിരിക്കാം,പക്ഷേ, തന്നിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് പൂർണമായും തന്റെ തെറ്റും ശ്രദ്ധക്കുറവുമാണെന്ന ബോധ്യം നമ്മളിൽ ഉണ്ടാക്കാൻ ലിനിയുടെ പ്രവർത്തനത്തിന് കഴിഞ്ഞിട്ടുണ്ട്.

നിപ വൈറസ് ലിനിയിൽ നിന്ന് മറ്റൊരാളിലേക്ക് പകരാതിരിക്കാൻ ലിനി കാണിച്ച മാതൃക കൊറോണ കാലത്ത് നമുക്ക് നൽകുന്ന പാഠം വളരെ വലുതാണ്. ആത്മധൈര്യത്തോടെ പറയാൻ കഴിയും കൊറോണയ്ക്ക് എതിരെയുള്ള പോരാട്ടവും നമ്മൾ വിജയിക്കുക തന്നെ ചെയ്യും. പ്രിയ ലിനിക്ക് ആദരാഞ്ജലികൾ....