train-

തിരുവനന്തപുരം- പശ്ചിമബംഗാളിലേക്ക് 1450 അതിഥി തൊഴിലാളികളുമായുള്ള ശ്രമിക് ട്രെയിൻ നാളെ കൊല്ലത്ത് നിന്ന് പുറപ്പെടും. സമയം റെയിൽവേ അറിയിച്ചിട്ടില്ല. 6600 പേരാണ്‌ പശ്ചിമബംഗാളിലേക്ക്‌ പോകാൻ കാത്തിരിക്കുന്നത്‌. ആദ്യഘട്ടത്തിൽ പോകുന്നവരുടെ ലിസ്റ്റ് ജില്ലാ ഭരണകേന്ദ്രം കൊല്ലം സ്റ്റേഷൻ മാനേജർക്ക്‌ കൈമാറി.

ക്യാമ്പുകളിൽ നിന്ന്‌ തൊഴിലാളികളെ ബസുകളിൽ എത്തിക്കും. ഇവരുടെ മെഡിക്കൽ പരിശോധന പൂർത്തിയായതായി നോർക്ക അറിയിച്ചു. 22 ബോഗികളുള്ള ട്രെയിനാണ്‌ കൊല്ലത്തുനിന്ന് യാത്രതിരിക്കുന്നത്‌.

മാൾഡ, മുർഷിദബാദ്‌, ഉത്തർജിനാജ്‌പുർ ജില്ലകളിലുള്ളവരാണ്‌ ആദ്യഘട്ടത്തിൽ പോകുന്നത്‌. ഇതിനകം 200 ലധികം പേർ പശ്ചിമബംഗാളിലേക്ക്‌ ബസിൽ പോയിട്ടുണ്ട്‌. തിരുവനന്തപുരത്ത് നിന്ന് മൂന്നു ബസുകളിലായി ഇന്ന് 75 അതിഥി തൊഴിലാളികളും ബംഗാളിലേക്ക് തിരിച്ചു.വിവിധ സംസ്ഥാനത്തേക്ക്‌ പോകാൻ കൊല്ലം ജില്ലയിലുള്ളത്‌ 11,000 അതിഥിത്തൊഴിലാളികളാണ്‌. ബംഗാൾ കഴിഞ്ഞാൽ കൂടുതൽ പേരും ആസാം സ്വദേശികളാണ്‌.

ഇവരുടെ എണ്ണം 1300 ആണ്‌. ബിഹാർ, ജാർഖണ്ഡ്‌, ഉത്തർപ്രദേശ്‌ സ്വദേശികൾ 350–-400 വരും. ജില്ലയിൽ ആകെയുള്ള അതിഥിത്തൊഴിലാളികൾ 19,000 ആണ്‌.