honey-trap

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് വീട്ടിൽ ചടഞ്ഞുകൂടിയിരുന്ന് മുഷിഞ്ഞെന്ന് കരുതി സൈബർ ലോകത്ത് അപരിചിതരുമായി സൗഹൃദത്തിന് പോകുന്നവർ സൂക്ഷിക്കണം!സമൂഹമാദ്ധ്യമങ്ങൾ വഴി നിങ്ങളുമായി സൗഹൃദം തേടിയെത്തി ലൈവ് വീഡിയോകൾക്കും മറ്റും മുതിരുന്നവരെ കരുതിയിരിക്കുക.

സൂക്ഷിച്ചില്ലെങ്കിൽ മാനവും പിന്നാലെ പണവും നഷ്ടപ്പെട്ടേക്കാം.

ലോക്ക് ഡൗൺ കാലത്ത് ക്രമസമാധാന പ്രശ്നങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും എണ്ണത്തിൽ കാര്യമായ കുറവുണ്ടായെങ്കിലും സൈബർ കുറ്റകൃത്യങ്ങളിൽ കാര്യമായ കുറവില്ലെന്നാണ് സൂചന. ഫോൺ വഴിയും സമൂഹ മാദ്ധ്യമങ്ങൾവഴിയും സ്ത്രീകളെ അപമാനിക്കുകയും മോർഫ് ചെയ്തതും അല്ലാത്തതുമായ അശ്ലീല വീഡിയോകൾ പ്രചരിപ്പിക്കുകയും അതിന്റെ പേരിൽ വിലപേശൽ നടത്തുകയും ചെയ്യുന്നവരാണ് ഇപ്പോൾ വില്ലൻമാർ. വീട്ടമ്മമാർക്കും കോളേജ് വിദ്യാർത്ഥിനികൾക്കുമൊപ്പം യുവാക്കളെയും വലയിലാക്കാൻ വിരുതൻമാരാണിവർ.ഒറ്റനോട്ടത്തിൽ തങ്ങളാണെന്ന് ഇരകൾക്ക് തോന്നുന്ന വിധത്തിലുള്ള രൂപഭാവങ്ങളോട് കൂടിയ വീഡിയോകളാണ് ഇത്തരക്കാർ തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഫോൺകോളുകളിലോ ചാറ്റിംഗിലോപെട്ട് ഇരകളായവരാണെങ്കിൽ അവരുമായി ഇത്തരം വീഡിയോകളുടെ പേരിൽ വിലപേശി പണം തട്ടുകയോ മറ്റ് രീതികളിൽ ചൂഷണം ചെയ്യുന്നതോ ആണ് ഇവരുടെ രീതി.

തട്ടിപ്പ് വ്യാജ അക്കൗണ്ടുകൾ വഴി

സ്ത്രീകളുടെ പേരിൽ സോഷ്യൽ മീഡിയകളിലും ഡേറ്റിംഗ് ആപ്പ്ളിക്കേഷനിലും വ്യാജ അക്കൗണ്ടുകൾ നിർമ്മിച്ച ശേഷം യുവതിയുവാക്കളോട് ലൈവ് വീഡിയോ വഴി സെക്സ് ചാറ്റിംഗ് നടത്തുകയും തുടർന്ന് സ്ക്രീൻ റെക്കോഡറിന്റെ സഹായത്തോടെ സേവ് ചെയ്ത വീഡിയോയുടെ പേരിൽ വിലപേശുന്നതുമാണ് ഇവരുടെ രീതി . പണം നൽകാതിരുന്നാൽ ചിത്രീകരിച്ച വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലും, പോൺഹബ്ബ്‌, എക്സ് വീഡിയോസ് മുതലായ പോൺസൈറ്റുകളിലും പ്രചരിപ്പിക്കുമെന്നും സുഹൃത്തുക്കൾക്കും അദ്ധ്യാപകർക്കും മാതാപിതാക്കൾക്കും അയക്കുമെന്നും ഭീഷണി മുഴക്കും .

വ്യാജ മേൽവിലാസങ്ങളിലെടുത്ത സിംകാർഡുകളും ടെമ്പററി ഡിസ്പോസിബിൾ നമ്പറുകളും ഉപയോഗിച്ച് ഒ.ടി.പി വഴിതിരിച്ചുവിട്ടും ഡിസ്പോസിബിൾ ഇ-മെയിൽ ഐ.ഡി കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ഇ-മെയിൽ വിലാസങ്ങളും സോഷ്യൽ മീഡിയ അക്കൗണ്ടുകളും വഴിയാണ് ഇവർ ഇരകളെ ബന്ധപ്പെടുന്നത്.

ഭീഷണി വീഡിയോ എത്തുന്നത് ഓട്ടോ ഡിലിറ്റ‌ഡ് മെസേജുകളായി

ഭീഷണിപ്പെടുത്തുവാൻ ആദ്യം അയക്കുന്ന വീഡിയോകൾ ഓട്ടോ ഡിലീറ്റഡ് മെസേജുകളായിട്ടായിരിക്കും

ഇരകൾക്കു ലഭിക്കുന്നത് . മുൻകൂട്ടി സെറ്റ് ചെയ്ത നിശ്ചിത സമയം കഴിയുന്നതോടെ ആ വീഡിയോ ഓട്ടോമാറ്റിക്കായി നശിക്കും അതുകൊണ്ടുതന്നെ പരാതിയോടൊപ്പം വീഡിയോ ഹാജരാക്കാൻ പരാതിക്കാരന് സാധിക്കാറില്ല. ഇത് മാത്രമല്ല സൈബർ കുറ്റകൃത്യങ്ങൾ കണ്ടെത്താതിരിക്കാനും പിടിയിലാകാതിരിക്കാനും സൈബർ കുറ്റവാളികൾ പല അടവുകളും പയറ്റുന്നുണ്ട്. രണ്ടോ മൂന്നോ മണിക്കൂർ നേരത്തേക്ക് ഉപയോഗിക്കാവുന്ന വിധത്തിൽ നമ്പരുകൾ വാടകയ്ക്കെടുത്തും അതിലെ ഇന്റർനെറ്റ് കണക്ഷനുകൾ ഉപയോഗപ്പെടുത്തിയും ധാരാളം തട്ടിപ്പുകൾ നടന്നുവരുന്നുണ്ട്.

അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നടത്തുന്ന ഇത്തരം ഓർഗനൈസ്ഡ് സൈബർ കുറ്റകൃത്യങ്ങൾ തിരിച്ചറിയാൻ യുവാക്കൾ ബോധവാന്മാരല്ല എന്നതാണ് യാഥാർത്ഥ്യം .

ഇരകളാക്കപ്പെടുന്നവർ കടുത്ത മാനസിക സമ്മർദ്ദത്തിനടിമപ്പെടുകയും ആത്മഹത്യയിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്തേക്കാം.

ഇരയാകാതിരിക്കാൻ

സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നേരിട്ടറിയാവുന്നവരെ മാത്രം ഫ്രണ്ട്സാക്കുക. ഫോൺ മുഖാന്തിരം ബന്ധപ്പെട്ട് അവരാണെന്ന് ഉറപ്പാക്കിയശേഷമേ സൗഹൃദമാകാവൂ.

ഫ്രണ്ട്‌സിന്റെ എണ്ണക്കൂടുതൽ നോക്കിയല്ല ആരും നിങ്ങളുടെ സ്റ്റാറ്റസ് അളക്കുന്നത് . അത് ഒരു ക്രെഡിറ്റായി കരുതാനും പാടില്ല. പാസ് വേർഡ് കൾ സെറ്റ് ചെയ്യുമ്പോൾ ഒരുകാരണവശാലും ഫോൺ നമ്പരോ അക്കങ്ങളോ മാത്രമായി ഉപയോഗിക്കരുത് , റെയിൻബോ ടേമ്പിളിന്റെ സഹായത്തോടെ ഒരു ഹാക്കർക്ക് നിഷ്പ്രയാസം നിങ്ങളുടെ പാസ് വേർഡ് കണ്ടുപിടിക്കാനും അക്കൗണ്ട് ഹാക്ക് ചെയ്യാനും സാധിക്കും . അക്ഷരങ്ങളും അക്കങ്ങളും ചിഹ്നങ്ങളും ചേർത്തുണ്ടാക്കിയ പാസ് വേർഡുകളിലൂടെയേ ഇത് തടയാനാകൂ. എത്ര അടുത്ത സുഹൃത്തുക്കൾ അയച്ച ലിങ്കുകളായാലും ഒരു കാരണവശാലും തുറക്കാൻ ശ്രമിക്കരുത് . ഒരു ഹാഷ് സൈഫറിന്റെ സഹായത്തോടെ നിങ്ങളുടെ പാസ് വേഡുകൾ ഹാക്ക് ചെയ്യാൻ സാധിക്കും.

വലയിൽ വീണാൽ

സൈബർ കെണിയിൽ അകപ്പെട്ടെന്ന് ബോദ്ധ്യപ്പെട്ടൽ എത്രയും പെട്ടെന്ന് രക്ഷാകർത്താക്കളോട് വിവരം പറയുക. അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയോ, സൈബർസെല്ലുമായി ഉടൻ ബന്ധപ്പെടുകയോ ചെയ്യണം. ആവശ്യമെന്ന് കണ്ടാൽ നിർബന്ധമായും കൗൺസിലിംഗിന് വിധേയരാകണം.