soap-story
സ്വന്തമായി നിർമ്മിച്ച സോപ്പുകളുമായി അഖിൽ രാജ്. അച്ഛൻ സാധുരാജ്, അമ്മ ക്രിസ്റ്റൽ ബീന, അനുജൻ ആഷിഷ് സമീപം രാജ്

തിരുവനന്തപുരം: അവസാന പ്ലസ് ടു പരീക്ഷയ്ക്ക് അഖിൽ സ്കൂളിലെത്തിയത് ബാഗ് നിറയെ സോപ്പുമായാണ്. കൂട്ടുകാർക്ക് സൗജന്യമായി കൊടുക്കാൻ. സാനിറ്റൈസറിനും സോപ്പിനുമൊക്കെ ഇത്രയ്ക്ക് പ്രാധാന്യമുണ്ടെന്ന് നമ്മൾ അറിഞ്ഞത് കൊവിഡ് വന്നതോടെയാണ്. അതിനുമുൻപേ സോപ്പിന്റെ ജീവിതസുഗന്ധം തിരിച്ചറിഞ്ഞ വിദ്യാർത്ഥിയാണ് വലിയതുറ ഫിഷറീസ് സ്‌കൂളിലെ അഖിൽ രാജ്.

ഒറ്റശേഖരമംഗലം തുടലിയിൽ കൊങ്ങവിള വീട്ടിൽ കൂലിപ്പണിക്കാരനായ സാധുരാജിന്റെയും ക്രിസ്റ്റൽ ബീനയുടെയും മകൻ അഖിൽരാജ് ഒന്നര വർഷം മുൻപാണ് ഒറ്റമുറി വീട്ടിന്റെ മൂലയിൽ 'സോപ്പ് കമ്പനി' തുടങ്ങിയത്.

സ്കൂളിൽ പ്രവൃത്തിപരിചയ ക്ലാസിൽ നിന്നാണ് സോപ്പ് നിർമ്മിക്കാൻ പഠിച്ചത്. തുടർന്ന് ഒഴിവുസമയങ്ങളിലും സ്കൂളിലേക്ക് പോകുന്ന വഴിയുമൊക്കെ സോപ്പ് വിൽക്കാൻ തുടങ്ങി. ആദ്യഘട്ടത്തിൽ സ്കൂളിലെ അദ്ധ്യാപകരാണ് വാങ്ങിയത്.

30 രൂപയാണ് വില. കിട്ടിയ പണം ഏൽപ്പിച്ചപ്പോൾ അമ്മയുടെ കണ്ണു നിറഞ്ഞു. ഇതോടെ സോപ്പ് നിർമ്മാണം സ്ഥിരമാക്കാമെന്ന് തീരുമാനിച്ചു. സ്‌കൂളിലേക്കുള്ള യാത്രയ്‌ക്കിടെ വെള്ളക്കടലാസിൽ പൊതിഞ്ഞ സോപ്പുമായി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങി വിൽക്കാൻ തുടങ്ങി. ഒരുവിധം കച്ചവടം പൊടിപൊടിക്കുമ്പോഴാണ് ലോക്ക് ഡൗണെത്തിയത്. അവധിക്കാലത്ത് സോപ്പ് വിറ്റ് തുടർവിദ്യാഭ്യാസത്തിനുള്ള പണം കണ്ടെത്താമെന്ന മോഹമാണ് ഇതോടെ പൊളിഞ്ഞത്. ലോക്ക് ഡൗണിനെത്തുടർന്ന് സോപ്പ് നിർമ്മിക്കാനുള്ള സാധനങ്ങളും കിട്ടാതായി. എങ്കിലും നിരാശപ്പെടുന്നില്ല, സോപ്പുനിർമ്മാണം കൂടുതൽ വിപുലമാക്കാനുള്ള ആലോചനയിലാണ് അഖിൽ.

പഠനത്തിലും മിടുക്കൻ

തകര ഷീറ്റിട്ട ഒറ്റമുറി വീട്ടിലാണ് അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന അഖിൽരാജിന്റെ കുടുംബം താമസിക്കുന്നത്. സഹോദരൻ ആശിഷ്‌ രാജ് മൈലച്ചൽ സ്‌കൂളിലെ പത്താം ക്ളാസ് വിദ്യാർത്ഥിയാണ്.

ജീവിത പ്രാരാബ്ദത്തിനിടയിലും അഖിൽ പഠനത്തിൽ മിടുക്കനാണെന്ന് അദ്ധ്യാപകർ പറയുന്നു. എസ്.എസ്.എൽ.സിക്ക് നല്ല മാർക്ക് നേടിയിരുന്നു.