ന്യൂഡൽഹി: ലോക്കഡൗണിനെ തുടർന്ന് പ്രതിസന്ധിയിലായ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക് പണലഭ്യത ഉറപ്പാക്കാനുളള പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. പുതിയ കൊവിഡ് പാക്കേജിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാഗിക വായ്പ ഗാരന്റി പദ്ധതി വ്യവസ്ഥകൾ പരിഷ്കരിച്ച് അടുത്തവർഷം മാർച്ച് 31 വരെ നീട്ടാനും മന്ത്രിസഭ യോഗം തീരുമാനിച്ചിട്ടുണ്ട്.
പൊതുമേഖല ബാങ്കുകളിലൂടെ നടപ്പാക്കുന്ന പദ്ധതിക്ക് അഞ്ച് കോടി രൂപയാണ് ആദ്യ ഘട്ടത്തിൽ കേന്ദ്ര സർക്കാരിന്റെ ചെലവ്. മൊത്തം 30,000 കോടി രൂപയുടെ ഗാരന്റിയാണ് സർക്കാർ നൽകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട് ബാങ്കുകൾ പുറത്തിറക്കുന്ന കടപത്രം റിസർവ് ബാങ്ക് വാങ്ങും. ഇതിലൂടെ ലഭിക്കുന്ന വരുമാനം ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളുടെയും ഭവന വായ്പാ സ്ഥാപനങ്ങളുടെയും ഹ്രസ്വകാല ബാധ്യകൾ ഏറ്റെടുക്കാൻ ബാങ്ക് വിനിയോഗിക്കും.