vet
പ്രിയയും മൊബൈൽ വെറ്ററിനറിക്ളിനിക്കും

തിരുവനന്തപുരം: വളർത്തുമൃഗങ്ങളുടെ പരിപാലനത്തിനും ചികിത്സയ്ക്കുമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ആദ്യ ഹൈടെക് മൊബൈൽ മൃഗാശുപത്രി തയ്യാറായി. തെരുവുനായ വന്ധ്യംകരണത്തിനായി ആലങ്ങാട് പ്രവർത്തിക്കുന്ന കുടുംബശ്രീയുടെ എബിസി യൂണിറ്റായ ശ്രദ്ധയാണ് ‘ശ്രദ്ധ മൊബൈൽ ആർട്ടിഫിഷ്യൽ ഇൻസെമിനേഷൻ ആന്റ് വെറ്ററിനറി സർവീസസ്' എന്ന മൊബൈൽ മൃഗാശുപത്രിയുമായി രംഗത്തെത്തിയത്. കൃത്രിമ ബീജദാനം, ഗർഭപരിശോധന, രോഗനിർണയം, പരിശോധന, സ്‌കാനിംഗ് എന്നീ സൗകര്യങ്ങൾ മൊബൈൽ വെറ്ററിനറി ക്ളിനിക്കിലുണ്ട്. ചികിത്സാകേന്ദ്രങ്ങളിലേക്ക് എത്തിക്കാനാകാത്ത മൃഗങ്ങൾക്ക് ചികിത്സ നൽകാനും പരിപാലിക്കാനും ഈ സംവിധാനം പ്രയോജനമാകും.

എയർ കണ്ടീഷൻ ചെയ്ത ഓപ്പറേഷൻ തീയേറ്ററും പെറ്റ് ഗ്രൂമിംഗ് സംവിധാനവും ഉൾപ്പെടുന്നതാണ് ഹൈടെക് മൃഗാശുപത്രി. ആലങ്ങാട് കുടുംബശ്രീയുടെ എബിസി യൂണിറ്റിലെ സംരംഭക പ്രിയ പ്രകാശനാണ് ഈ ആശയം മുന്നോട്ടുവച്ചത്. മൃഗസംരക്ഷണത്തിൽ തൊഴിലധിഷ്ഠിത ഹയർ സെക്കൻഡറി കോഴ്‌സ് പൂർത്തിയാക്കിയതാണ് പ്രിയ. യുവസംരംഭകരെ കണ്ടെത്താൻ കേരള കാർഷിക സർവകലാശാല ആവിഷ്‌കരിച്ച അഗ്രി ക്ലിനിക് ആന്റ് അഗ്രി ബിസിനസ് സെന്ററിൽ വച്ചാണ് പ്രിയയുടെ മനസ്സിൽ ആശയം ജനിക്കുന്നത്. വെള്ളായണി കാർഷിക കോളേജിലെ രണ്ടുമാസ പരിശീലനശേഷം പ്രിയയുടെ ആശയത്തിന് അംഗീകാരമായി. സബ്‌സിഡിയോടെ ധനസഹായം ഉറപ്പാക്കി. നബാർഡ്, കാർഷിക പരിശീലന സ്ഥാപനമായ ഹൈദരാബാദ് മാനേജ്, കുടുംബശ്രീ ജില്ലാ മിഷൻ, ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ സഹായത്താലാണ് പദ്ധതി നടപ്പാക്കുന്നത്.

രണ്ട് വെറ്ററിനറി ഡോക്ടർമാരും എട്ട് സഹായികളും ക്ലിനിക്കിൽ പ്രവർത്തിക്കും. ഒരുകോടി രൂപ ചെലവിട്ട മൃഗാശുപത്രിയിൽ ഓപ്പറേഷൻ തിയേറ്റർ, പെറ്റ് സലൂൺ, പ്രഥമചികിത്സാ സംവിധാനങ്ങൾ എന്നിവ ഒരുങ്ങിക്കഴിഞ്ഞു. സ്‌കാനിംഗ്, എക്‌സ്റേ ഉൾപ്പെടെയുള്ള യൂണിറ്റുകൾ ഉടൻ പ്രവർത്തനം തുടങ്ങും. എറണാകുളത്തുമാത്രമാകും ആദ്യഘട്ട സേവനം . തുടർന്ന് മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. എബിസി പദ്ധതിയുടെ നടത്തിപ്പിനും മൃഗസംരക്ഷണ, ക്ഷീരവികസന, കൃഷി, തദ്ദേശസ്വയംഭരണ വകുപ്പുകൾ നടത്തുന്ന പ്രവർത്തനങ്ങളിൽ മൊബൈൽ ക്ലിനിക്കായും ഇത്‌ പ്രയോജനപ്പെടുത്താം.