who

കേന്ദ്ര ആരോഗ്യവകുപ്പുമന്ത്രി ഡോ. ഹർഷവർദ്ധൻ ലോകാരോഗ്യ സംഘടനയുടെ നിർവാഹക സമിതി അദ്ധ്യക്ഷനായി ഇന്നു സ്ഥാനമേൽക്കുകയാണ്. ഈ വാരമാദ്യം നടന്ന സമിതിയുടെ യോഗമാണ് അദ്ദേഹത്തെ ഈ ഉന്നത പദവിയിലേക്കു തിരഞ്ഞെടുത്തത്. 34 അംഗ എക്സിക്യുട്ടീവ് ബോർഡിന്റെ തലപ്പത്ത് ഒരു ഇന്ത്യക്കാരൻ വരുന്നത് രാജ്യത്തിനു ലഭിക്കുന്ന അംഗീകാരം കൂടിയാണ്. എക്സിക്യുട്ടീവ് ബോർഡിന്റെ കാലാവധി മൂന്നു വർഷമാണെങ്കിലും ആദ്യ ഒരു വർഷമാണ് ഡോ. ഹർഷവർദ്ധൻ അതിന്റെ അദ്ധ്യക്ഷ പദം അലങ്കരിക്കുക. ബോർഡ് അംഗമായി മൂന്നു വർഷവും തുടരാം. ഏറക്കുറെ ആലങ്കാരിക പദവിയാണെങ്കിലും നിലവിലെ സാഹചര്യത്തിൽ കൊവിഡ് പ്രതിരോധ നടപടികളിൽ വലിയ സംഭാവനകൾ നൽകാൻ സമിതിക്കു കഴിയുമെന്നതിനാൽ നമ്മുടെ രാജ്യത്തിനും അതിലൂടെ പ്രയോജനമുണ്ടാകേണ്ടതാണ്.

വേൾഡ് ഹെൽത്ത് അസംബ്ളി എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കേണ്ട ചുമതലയാണ് എക്സിക്യുട്ടീവ് സമിതിക്കുള്ളത്. സംഘടനയെ നേരായ വഴിക്കു നയിക്കാനുള്ള ഉത്തരവാദിത്വവും സമിതിക്കുണ്ട്. അംഗ രാജ്യങ്ങളിലെ ആരോഗ്യ വിദഗ്ദ്ധർ മാത്രം ഉൾക്കൊള്ളുന്ന 34 അംഗ എക്സിക്യുട്ടീവ് സമിതിയിൽ ഡോ. ഹർഷവർദ്ധന്റെ തിരഞ്ഞെടുപ്പ് ഏകകണ്ഠമായിരുന്നു. അമേരിക്ക ഉൾപ്പെടെയുള്ള വൻ ശക്തികളുടെ പിന്തുണയും ലഭിച്ചിരുന്നു. ഡബ്ളിയു.എച്ച്.ഒയുടെ കൊവിഡ് പ്രതിരോധ നടപടികളെക്കുറിച്ച് സ്വന്തന്ത്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസാക്കിയതിലൂടെ സമിതിയുടെ ഔന്നത്യം പലമടങ്ങ് ഉയർന്നിരിക്കുകയാണ്. ചൈന മറച്ചുവച്ച പല സത്യങ്ങളും അന്വേഷണത്തിലൂടെ പുറത്തുവരുമെന്നാണു പ്രതീക്ഷിക്കുന്നത്. ചൈന യഥാകാലം ലോകത്തിനു മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിൽ കൊവിഡ് വ്യാപനം ഇത്ര ഭീകരമാകുമായിരുന്നില്ലെന്നാണ് ആരോഗ്യ വിദഗ്ദ്ധന്മാരുൾപ്പെടെയുള്ളവർ കരുതുന്നത്. ഉറവിടം വെളിപ്പെടുത്താൻ ഇപ്പോഴും ചൈന മടിക്കുന്നത് തങ്ങളുടെ കള്ളക്കളി വെളിച്ചത്താകുമോ എന്ന ഭയം മൂലമാണെന്ന് പാശ്ചാത്യശക്തികൾ പരസ്യമായി പലവട്ടം പറഞ്ഞുകഴിഞ്ഞു.

കൊവിഡിനെതിരെ പ്രതിരോധ വാക്സിൻ വികസിപ്പിക്കാനുള്ള അതിതീവ്രശ്രമത്തിലാണ് വികസിത രാജ്യങ്ങൾ. ഇതിൽ അമേരിക്ക വിജയത്തോടടുത്തുകൊണ്ടിരിക്കുന്നതായി വാർത്തകൾ വന്നിരുന്നു. ഇന്നല്ലെങ്കിൽ നാളെ തീർച്ചയായും ഈ ദൗത്യം വിജയിക്കുമെന്നതിൽ സംശയമൊന്നുമില്ല. വാക്സിൻ ഗവേഷണത്തിലെ നിർണായക കണ്ടുപിടിത്തങ്ങൾക്ക് അംഗീകാരം നൽകേണ്ടത് ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് ബോർഡാണ്. ഡോ. ഹർഷവർദ്ധന്റെ അദ്ധ്യക്ഷ പദവി ഇന്ത്യയിൽ ഇതുമായി ബന്ധപ്പെട്ടു നടന്നുകൊണ്ടിരിക്കുന്ന പഠന - ഗവേഷണ പരിപാടികൾക്കും ഗുണകരമാകുമെന്നു പ്രതീക്ഷിക്കാം.

കൊവിഡ് മഹാമാരി ലോകത്തെ ഒന്നടങ്കം വരിഞ്ഞു മുറുക്കുന്നതിനിടയിലാണ് ഡബ്ളിയു.എച്ച്.ഒയുടെ ആഗോള സമ്മേളനം ഈ വാരമാദ്യം ഇതാദ്യമായി പ്രതിനിധികൾ നേരിട്ടു പങ്കെടുക്കാതെ വീഡിയോ കോൺഫറൻസിലൂടെ നടന്നത്. കൊവിഡ് പ്രതിസന്ധിയിൽ ലോകാരോഗ്യ സംഘടന ചൈനയുടെ പക്ഷം പിടിക്കുകയും വിവരങ്ങൾ മറച്ചുപിടിക്കുകയും ചെയ്യുന്നുവെന്ന് ആരോപിച്ച് അമേരിക്ക ഇടഞ്ഞുനിൽക്കുകയാണ്. ലോകാരോഗ്യ സംഘടനയുടെ ഫണ്ട് ദാതാക്കളിൽ പ്രഥമ സ്ഥാനത്തു നിൽക്കുന്ന അമേരിക്ക ഈ പ്രശ്നത്തിൽ സംഘടനയ്ക്കു നൽകിവന്ന സംഭാവനയും നിറുത്തിവച്ചു. സംഘടന അതിന്റെ ചൈനീസ് പക്ഷപാതം അവസാനിപ്പിച്ചില്ലെങ്കിൽ ശാശ്വതമായി ഫണ്ടിംഗ് നിറുത്തലാക്കുമെന്ന കടുത്ത നിലപാടിലാണ് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ലോകാരോഗ്യ സംഘടന ഇതുവരെ നേരിട്ടിട്ടില്ലാത്ത വലിയ പ്രതിസന്ധിയാണ് കൊവിഡ് പ്രശ്നത്തിൽ ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്.

ഡബ്ളിയു.എച്ച്.ഒ പ്രസിഡന്റ് ഡോ. ടെഡ്രോസ് ഗെബ്രിയേസിസ് തന്റെ മാതൃ രാജ്യത്തിന്റെ സാമ്പത്തിക - വ്യാവസായിക താത്‌പര്യങ്ങൾക്കുവേണ്ടി ചൈനയോട് വിധേയത്വം കാണിക്കുന്നു എന്ന ആക്ഷേപം ശക്തമാണ്. കൊവിഡിന്റെ ഉത്ഭവം ചൈനയിലാണെന്നു വ്യക്തമായിട്ടും ആ വിവരം മറച്ചുവച്ച് ചൈനയെ വെള്ളപൂശാനാണ് ലോകാരോഗ്യ സംഘടനയുടെ ഡയറക്ടർ ജനറൽ ശ്രമിച്ചതെന്ന് ട്രംപ് പലവട്ടം പല വേദികളിലായി ആരോപണം ഉന്നയിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ വേൾഡ് ഹെൽത്ത് അസംബ്ളി സമ്മേളനം കൊവിഡ് വ്യാപനത്തിൽ ചൈനയുടെ നിഗൂഢ പങ്ക് അന്വേഷിക്കാൻ ആവശ്യപ്പെടുന്ന പ്രമേയം പാസാക്കിയിരിക്കുകയാണ്. ചൈനീസ് പങ്കിനെക്കുറിച്ച് അന്വേഷിക്കുന്നതിനൊപ്പം തന്നെ ലോകത്തെ അമ്പേ തളർത്തിയ ഈ മഹാമാരിയെ എങ്ങനെ വരുതിയിലാക്കാമെന്നുള്ള ലോക രാജ്യങ്ങളുടെ കൂട്ടായ ശ്രമങ്ങൾ ശക്തിപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും ഓർമ്മിപ്പിക്കുന്നുണ്ട്.

കൊവിഡ് പ്രതിരോധത്തിൽ ഇന്ത്യ തുടക്കത്തിൽ പ്രകടമാക്കിയ സാമർത്ഥ്യം നിലനിറുത്താനായിട്ടില്ലെങ്കിലും പല രാജ്യങ്ങളെയും അപേക്ഷിച്ച് മരണ സംഖ്യ നിയന്ത്രിക്കാനായിട്ടുണ്ടെന്നത് എടുത്തു പറയേണ്ടതാണ്. രോഗികൾ ലക്ഷം കടന്ന് മുന്നേറുമ്പോഴും മരണം ബുധനാഴ്ചത്തെ കണക്കു പ്രകാരം 3303-ൽ ഒതുക്കാനായി. ദിവസേന ആയിരക്കണക്കിനു പേർ മരിച്ചുകൊണ്ടിരിക്കുന്ന വികസിത രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയുടെ നില ഏറെ മെച്ചമാണെന്നു കാട്ടിത്തരുന്നതാണ് ഈ കണക്ക്.

വേൾഡ് ഹെൽത്ത് അസംബ്ളി പാസാക്കിയ ചൈനക്കെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പ്രമേയത്തിന് വലിയ പിന്തുണയാണ് ലഭിച്ചത്. ഇന്ത്യയും ശക്തമായി പിന്നിൽത്തന്നെ ഉണ്ടായിരുന്നു. ലോകാരോഗ്യ സംഘടനാ സെക്രട്ടറി ജനറൽ ആഫ്രിക്കക്കാരനായിട്ടും നിരവധി ആഫ്രിക്കൻ രാജ്യങ്ങൾ പ്രമേയത്തെ പിന്തുണച്ചത് ശ്രദ്ധേയമായി. അന്വേഷണവുമായി ചൈന എത്രത്തോളം സഹകരിക്കുമെന്നതിനെ ആശ്രയിച്ചാണ് കൊവിഡിന്റെ ഉറവിടവും വ്യാപനവും സംബന്ധിച്ച രഹസ്യങ്ങൾക്ക് ചുരുളഴിയുക.