shad-gaspard

ന്യൂയോർക്ക് : മൂന്ന് ദിവസം മുമ്പ് കടലിൽ നീന്തുന്നതിനിടെ കാണാതായ ഡബ്ല്യു. ഡബ്ല്യു. ഇ മുൻ താരം ഷാഡ് ഗാസ്പാർഡിന്റെ മൃതദേഹം കാലിഫോർണിയ ബീച്ചിൽ നിന്നും കണ്ടെത്തി. പ്രാദേശിക സമയം ബുധനാഴ്ച രാവിലെയോടെ കാലിഫോർണിയ വെനീസിൽ ബീച്ചിൽ മൃതദേഹം കരയ്ക്കടിയുകയായിരുന്നു. അജ്ഞാത മൃതദേഹം കണ്ടവർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം ഗാസ്പാർഡിന്റേതാണെന്ന് തിരിച്ചറിഞ്ഞത്.

39 വയസായിരുന്നു ഗാസ്പാർഡിന്. ലോസ്ഏഞ്ചൽസിലെ മരീന ഡെൽ റേയ് ബീച്ചിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ഗാസ്പാർഡ് പത്തു വയസുകാരനായ മകനുമൊത്ത് നീന്താനെത്തിയത്. ആഴ്ചകളായി അടഞ്ഞു കിടന്നിരുന്ന ബീച്ച് കഴിഞ്ഞാഴ്ചയാണ് തുറന്നത്. നീന്തുന്നതിനിടെ ഗാസ്പാർഡും മകനും ശക്തമായ തിരയിൽ പെടുകയായിരുന്നു. മകനെ ലൈഫ് ഗാർഡുകൾ രക്ഷിച്ചു. തെരച്ചിൽ നടത്തിയെങ്കിലും ഗാസ്പാർഡിനെ കണ്ടെത്താനായില്ല.

2006ൽ ഡബ്ല്യു. ഡബ്ല്യു. ഇ താരമായ ജെ.ടി.ജിയ്ക്കൊപ്പം ക്രൈം ടൈം എന്ന റസ്ലിംഗ് ടീമിലൂടെയാണ് ഗാസ്പാർഡ് ശ്രദ്ധനേടിയത്. 2010ൽ ഡബ്ല്യു. ഡബ്ല്യു. ഇ വിട്ട ഗാസ്പാർഡ് പിന്നീട് അഭിനയത്തിലേക്ക് ചുവടുമാറ്റുകയായിരുന്നു. ' തിങ്ക് ലൈക്ക് എ മാൻ ടൂ ', ' ഗെറ്റ് ഹാർഡ് ' തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. അക്ഷയ് കുമാർ, സിദ്ധാർത്ഥ് മൽഹോത്ര എന്നിവർ അഭിനയിച്ച് 2015ൽ പുറത്തിറങ്ങിയ 'ബ്രദേഴ്സ് ' എന്ന ബോളിവുഡ് ചിത്രത്തിലും ഗാസ്പാർഡ് അഭിനയിച്ചിരുന്നു.