pic

മലപ്പുറം: കാസര്‍കോട് ഉപ്പളയില്‍നിന്ന് എറണാകുളത്തേക്ക് കഞ്ചാവ് കടത്തുന്നവര്‍ സഞ്ചരിച്ച ബൈക്ക് നിറുത്തിയിട്ട ചരക്കുലോറിയിലിടിച്ച് ഒരാള്‍ മരിച്ചു. ദേശീയപതയില്‍ പാലപ്പെട്ടി പുതിയിരുത്തിയിലാണ് സംഭവം. കാസര്‍കോട് ഉപ്പള സ്വദേശി പച്ചിലംപാറവീട്ടില്‍ റഷീദ് മസാഹിന്‍ (26) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഉപ്പള സ്വദേശി പച്ചിലപ്പാറ ജമാല്‍ (23) പരിക്കുകളോടെ പൊന്നാനി ഇമ്പിച്ചിബാവ സ്മാരക ഗവ. താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂന്നുകിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. എറണാകുളത്ത് പഴക്കച്ചവടം നടത്തുന്ന ഇരുവരും കച്ചവടത്തിന് മറവില്‍ കഞ്ചാവ് വില്‍പ്പനയും നടത്താറുണ്ടെന്ന് പൊലീസ് പറയുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം കൊവിഡ് പരിശാധനാഫലം ലഭിച്ചശേഷം ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.