pic

ന്യൂഡൽഹി: ജൂൺ ഒന്നിന് ആരംഭിക്കുന്ന 200 സ്പെഷ്യൽ ട്രെയിൻ സർവീസുകളുടെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങി. സേവന കേന്ദ്രങ്ങൾ വഴി നാളെ മുതൽ ട്രെയിൻ ടിക്കറ്റ് വിൽപന തുടങ്ങുമെന്ന് റെയിൽവേ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. 1.7 ലക്ഷം സേവന കേന്ദ്രങ്ങളിലാകും വിൽപന. റെയിൽവേ സ്റ്റേഷനുകളിലെ കൗണ്ടറുകൾ വഴിയുളള ടിക്കറ്റ് വിൽപ്പന മൂന്ന് ദിവസത്തിനകം തുടങ്ങും.

റെയിൽവെയുടെ പ്രവർത്തനം സാധാരണ നിലയിലാക്കുന്നതിനായി കൂടുതൽ ട്രെയിൻ സർവീസുകൾ ഉടൻ തുടങ്ങുമെന്നും പിയൂഷ് ഗോയൽ വ്യക്തമാക്കി. നിലവിൽ ഐ.ആർ.സി.ടി.സി വെബ്സൈറ്റ് വഴിമാത്രമേ ടിക്കറ്റ് വിൽപനയുള്ളൂ. സ്പെഷ്യൽ ട്രെയിനുകളുടെ പട്ടികയിൽ കേരളത്തിൽ 2 ജനശതാബ്ദി ട്രെയിനുകളും 3 സംസ്ഥാനാന്തര ദീർഘദൂര ട്രെയിനുകളുമുണ്ട്.

ട്രെയിൻ ഓടുന്നതിന് 7 ദിവസം മുൻപുവരെ മുൻകൂർ ബുക്കിംഗ് അനുവദിക്കും.റെയിൽവേ സ്റ്റേഷനുകളിലെ കടകൾ തുറക്കാനും അനുമതി നൽകി. അതേസമയം ഭക്ഷണശാലകളിൽ പാഴ്സൽ മാത്രമേ നൽകാവൂ.

കോഴിക്കോട്– തിരുവനന്തപുരം, കണ്ണൂർ–തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസുകൾ ഓടിത്തുടങ്ങും. മുംബയ്– തിരുവനന്തപുരം നേത്രാവതി എക്സ്പ്രസ്, നിസാമുദീൻ– എറണാകുളം മംഗള എക്സ്പ്രസ്, നിസാമുദീൻ–എറണാകുളം തുരന്തോ എക്സ്പ്രസ് എന്നീ ട്രെയിനുകളും റെയിൽവേ പുറത്തിറക്കിയ പട്ടികയിലുണ്ട്.