കാട്ടാക്കട: ലോക്ക് ഡൗൺ വന്നതോടെ നെയ്യാർഡാമിലെ ലയൺ സഫാരി പാർക്കിനും താഴുവീണു. ഇതോടെ ഏറെ സഞ്ചാരികൾ എത്തിയിരുന്ന സഫാരി പാർക്ക് ആരും തിരിഞ്ഞുനോക്കാതെ കിടക്കുകയാണ്. നിരവധി സഞ്ചാരികൾ എത്തിയിരുന്ന നെയ്യാർഡാം വനംവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പാർക്കിൽ നിലവിലെ സിംഹങ്ങളുടെ എണ്ണം പേരിന് മാത്രമാണ്. സിംഹങ്ങളുടെ ശരാശരി ആയുസ് 17 വർഷമാണ്. എന്നാൽ പ്രായാധിക്യമുള്ള പാർക്കിലെ സിംഹത്തിന് ഏകദേശം അത്രയുംതന്നെ പ്രായം എത്തിക്കഴിഞ്ഞു. ഇനി എത്രനാൾ കൂടി സിംഹം ജീവിച്ചിരിക്കുമെന്നും ഉറപ്പില്ല. പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ നെയ്യാർഡാമിൽ സഞ്ചാരികൾ എത്തുന്നത് തന്നെ ഇവിടത്തെ ചീങ്കണ്ണി-മാൻ പാർക്കുകൾ, കോട്ടൂർ ആന സഫാരി പാർക്ക് എന്നിവ കാണാനാണ്. എന്നാൽ വനത്തിലെത്തുന്ന സഞ്ചാരികൾക്ക് ലയൺ സഫാരി പാർക്കിൽ നിന്നും കിട്ടുന്നത് നിരാശമാത്രമാണ്. ടൂറിസം മേഖലയിൽ വലിയ വികസന സാദ്ധ്യതകളാണ് നെയ്യാർഡാമിലുള്ളത്. ആളുകൾക്ക് ഏറെ ആകർഷണീയമായ പാർക്കാണ് ലയൺ സഫാരി പാർക്ക്. പാർക്കിനെ സജീവമാക്കാൻ ഗവൺമെന്റ് ഗുജറാത്തിൽ നിന്നും സിംഹങ്ങളെ എത്തിക്കാൻ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ അധികൃതരുടെ മൗനം ലയൺ സഫാരി പാർക്കിന്റെ വികസനത്തിന് വിലങ്ങുതടിയാകുന്നെന്നാണ് പരാതി.

 ശനിദശയിൽ ലയൺ സഫാരി പാർക്ക്

നെയ്യാർഡാം മരക്കുന്നത്തെ കാട്ടിൽ 1994ലാണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ സഫാരിപാർക്ക് തുടങ്ങുന്നത്. ആദ്യകാലത്ത് 4 സിംഹങ്ങളുമായി തുടങ്ങിയ പാർക്കിൽ പിന്നീട് 17 സിംഹങ്ങളായി ഉയർന്നു. സിംഹങ്ങളുടെ എണ്ണം കൂടിയതോടെ സന്ദർശകരുടെ എണ്ണം കൂടുകയും വരുമാനം വർദ്ധിക്കുകയും ചെയ്തു. എന്നാൽ സിംഹങ്ങളുടെ സംരക്ഷണവും പരിപാലനവും വനം വകുപ്പിന് ബാദ്ധ്യതയായി മാറി. അതോടെ ചെലവ് ചുരുക്കലിന്റെ പേരിൽ സിംഹങ്ങളുടെ എണ്ണം കുറയ്ക്കാൻ ആൺ സിംഹങ്ങളെ വന്ധ്യംകരിച്ചു. ഇതിനെതിരെ പ്രതിഷേധം ശക്തമായെങ്കിലും ആൺ സിംഹങ്ങളെ 2005 ൽ വന്ധ്യംകരിച്ചതോടെ പാർക്കിന്റെ ശനിദശയും തുടങ്ങി. തുടർന്ന് അസുഖം ബാധിച്ചും മറ്റും സിംഹങ്ങൾ ചത്തൊടുങ്ങാൻ തുടങ്ങി. ഒടുവിൽ ഒരു ആൺ സിംഹം മാത്രമായി. പ്രായാധിക്യവും കാഴ്ചക്കുറവും കാരണം ഈ സിംഹം കൂട്ടിൽ തന്നെ തുടരുകയാണ്. ഇതിനിടയിൽ ഗുജറാത്തിൽ നിന്നും കൊണ്ടുവന്ന രണ്ട് സിംഹങ്ങളിൽ ആൺ സിംഹം മൃഗശാലയിൽ വച്ച് ചത്തു. ഒപ്പം കൊണ്ടുവന്ന പെൺസിംഹം പാർക്കിൽ തുടരുന്നുണ്ട്.