നെടുമങ്ങാട്: സംസ്ഥാന ശുചിത്വമിഷന്റെ മാർഗനിർദ്ദേശങ്ങൾ പാലിച്ച് നടപ്പാക്കിയ മാലിന്യസംസ്കരണത്തിൽ കൈയടിനേടുകയാണ് നെടുമങ്ങാട് നഗരസഭ. മുൻപ് പ്ലാസ്റ്രിക് പൊടിച്ച് റോഡ് ടാറിംഗിന് ഉപയോഗിക്കുന്ന റിക്കവറി ഫെസിലിറ്റി യൂണിറ്റിന് പിന്നാലെയാണ് ജൈവ മാലിന്യം സംസ്കരിച്ച് വളമാക്കി കർഷകർക്ക് നൽകുന്ന തുമ്പൂർമൂഴി പ്ലാന്റുകളുടെ പ്രവർത്തനം. ഇതിന്റെ ഭാഗമായി കല്ലമ്പാറയിൽ 27 തുമ്പൂർമൂഴി യൂണിറ്റുകൾ അടങ്ങിയ പ്ലാന്റാണ് ഈ കോവിഡ് കാലത്ത് ആരംഭിച്ചിട്ടുള്ളത്. ഒരു തുമ്പൂർമൂഴി പ്ലാന്റിൽ ഒരു ടൺ ജൈവമാലിന്യം സംസ്കരിക്കാം. അത്തരത്തിൽ 27 യൂണിറ്റുകളിലായി ഒരുസമയം 27 ടൺ മാലിന്യം സംസ്കരിക്കാം. നഗരസഭ ഓഫീസിന് പിറകിൽ പ്രവർത്തിക്കുന്ന 10 തുമ്പൂർമൂഴി യൂണിറ്റുകൾക്ക് പുറമേയാണ് കല്ലമ്പാറയിൽ ആരംഭിച്ച ഈ യൂണിറ്റുകൾ. കർഷകർക്ക് കുറഞ്ഞ നിരക്കിൽ ജൈവവളം നൽകാനാണ് പദ്ധതിയിടുന്നത്. കൃഷി വകുപ്പിൽ നിന്ന് വിരമിച്ച ഫീൽഡ് ഓഫീസറുടെ മേൽനോട്ടത്തിലാണ് യൂണിറ്റുകളുടെ പ്രവർത്തനം.
പരിശീലനം ലഭിച്ച പത്ത് കണ്ടിജന്റ് ജീവനക്കാരാണ് വളം ഉത്പാദനത്തിൽ ഏർപ്പെട്ടിരിക്കുന്നത്. മാലിന്യത്തിൽ നിന്നും വേർതിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ റിക്കവറി യൂണിറ്റിന്റെ പ്രവർത്തനം കുടുംബശ്രീ അംഗങ്ങൾ ഉൾപ്പെട്ട ഹരിത കർമ്മസേനയുടെ ചുമതലയിലാണ്. കഴിഞ്ഞ വർഷം 1.55 ലക്ഷം രൂപയാണ് ഇതുവഴി നഗരസഭയ്ക്ക് ലാഭമായി ലബിച്ചത്. ക്ളീൻ കേരളയുടെ അനുമതിയോടെ റോഡ് നിർമ്മാണ കരാറുകാർക്കാണ് പ്ലാസ്റ്റ് പൊടിച്ചു കവറിലാക്കിയ വില്ക്കുന്നത്
ചത്തമൃഗങ്ങളെ വരെ ദ്രവിപ്പിച്ച് വളമാക്കാനുതകുന്ന കമ്പോസ്റ്ററിംഗ് രീതിയാണ് തുമ്പൂർമുഴി. ദുർഗന്ധമില്ല. തീർത്തും പരിസ്ഥിതി സൗഹൃദം. വായു കടക്കാവുന്ന ചുറ്റും മതിലോടെ 4x4x4 അടി വ്യാപ്തമുള്ള ഉയർന്ന ടാങ്കിന്റെ അടി ഭാഗം സിമന്റോ ഫെറോസിമന്റൊ ഉപയോഗിച്ച് നിർമ്മിക്കാം. പുറംഭാഗം നെറ്റ് വച്ച് മറയ്ക്കണം. അടുക്കുകളായി ജൈവവസ്തുക്കൾ ഇതിൽ നിക്ഷേപിക്കുക. 40 മുതൽ 120 ദിവസത്തിനകം വളമായി മാറും. 70 ഡിഗ്രി സെൽഷ്യസാണ് ബോക്സിനുള്ളിലെ താപനില. യൂ.എൻ.ഡി.പി കാലാവസ്ഥാ നിയന്ത്രണ ഗ്രൂപ്പ് മികച്ച മാലിന്യ സംസ്കരണ മാതൃകയായി തുമ്പൂർമുഴിയെ പ്രഖ്യാപിച്ചിട്ടുണ്ട്. നെടുമങ്ങാട് നഗരസഭ രണ്ടു കേന്ദ്രങ്ങളിലായി 55 ലക്ഷം രൂപ ചെലവിട്ടാണ് യൂണിറ്റുകൾ സ്ഥാപിച്ചത്. മറ്റു വാർഡുകളിലേക്കും തുമ്പൂർമുഴി കമ്പോസ്റ്റ് രീതി വ്യാപിപ്പിക്കാനാണ് തീരുമാനം.