satere-mawe

സാവോ പോളോ : ബ്രസീൽ കൊവിഡിന്റെ പിടിയിലമരുമ്പോൾ ലോകം ഉറ്റുനോക്കുന്നത് അവിടുത്തെ ആമസോണിയൻ വനാന്തരങ്ങളിൽ ജീവിക്കുന്ന ആദിമ ഗോത്രവർഗങ്ങളിലേക്കാണ്. കൊവിഡിനെ പോലൊരു മാരക വൈറസിനെ പ്രതിരോധിക്കാനുള്ള ശേഷി അവർ‌ക്ക് കുറവാണ്. മുമ്പ് പൊട്ടിപ്പുറപ്പെട്ടിട്ടുള്ള മഹാമാരികൾ ഈ ഗോത്ര വർഗക്കാരിൽ നല്ലൊരു വിഭാഗത്തിനെ തുടച്ചു നീക്കിയ ചരിത്രമുണ്ട്. വീണ്ടുമൊരു മഹാമാരി ഇവർക്കിടയിൽ കാട്ടുതീ പോലെ പടർന്നു പിടിച്ചാൽ ചില ഗോത്ര വർഗങ്ങൾ ഈ ഭൂമിയിൽ നിന്നും അപ്രത്യക്ഷമായെന്നു വരാം.

ബ്രസീലിൽ ആമസോൺ വനാന്തരങ്ങളാൽ ചുറ്റപ്പെട്ട വടക്ക് പടിഞ്ഞാറൻ സംസ്ഥാനമാണ് ആമസോണസ്. വിസ്തൃതിയിൽ ഏറ്റവും വലുതായ ആമസോണസിൽ എന്നാൽ ആരോഗ്യ മേഖലയുടെ കാര്യം ഇപ്പോൾ വളരെ പരിതാപകരമാണ്. കൊവിഡ് രോഗികളാൽ നിറഞ്ഞ ആശുപത്രികളും ദിനം പ്രതി മരിച്ചു വീഴുന്ന നൂറുകണക്കിന് മനുഷ്യരും ആമസോണസിന്റെ വേദനായായി മാറുന്നു. പ്രസിഡന്റ് ബൊൽസൊനാരോയാകട്ടെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് എതിരാണ്. അതുകൊണ്ട് തന്നെ സർക്കാരിന്റെ ഭാഗത്ത് നിന്നും വേണ്ടത്രെ പ്രതിരോധ നടപടികളും നടക്കുന്നില്ല. ഏറ്റവും കൂടുതൽ ഗോത്രവർഗ വിഭാഗങ്ങൾ കാണപ്പെടുന്ന സംസ്ഥാനങ്ങളിലൊന്നാണ് ആമസോണസ്. തങ്ങളുടെ കൂട്ടത്തിലുള്ളവർ മരിച്ചു വീഴാൻ തുടങ്ങിയതോടെ ബ്രസീലിയൻ ഭരണകൂടത്തോടും ആരോഗ്യമേഖലയോടും വിശ്വാസം നഷ്ടപ്പെട്ട ഈ ഗോത്രവർഗക്കാർ സ്വന്തം ജീവൻ രക്ഷിക്കാനായി ആമസോൺ കാടുകളുടെ വിദൂര മേഖലകളിലേക്ക് പലായനം ചെയ്യുകയാണ്.

ഇതിനിടെയിൽ ആമസോണസിലെ ശോചനീയമായ ആരോഗ്യ സംവിധാനങ്ങളെ ആശ്രയിക്കാതെ കൊവിഡ്നെ അതിജീവിക്കാൻ ശ്രമിക്കുകയാണ് സതേരെ മാവേ ഗോത്രവിഭാഗം. കൊവിഡിനെതിരെ ചെറുത്തു നിൽക്കാനുള്ള ഔഷധ കൂട്ടുകൾ നിർമിക്കുന്ന തിരക്കിലാണ് ഇവർ. ആമസോണസിന്റെ തലസ്ഥാനമായ മനൗസിൽ നിന്നും അകലെ കാടുകളിൽ ജീവിക്കുന്ന സതേരെ മാവേ ഗോത്രവർഗക്കാർ ഇപ്പോൾ കൊവിഡിനെതിരെ തങ്ങളുടെ പരമ്പരാഗത ചികിത്സാവിധികളിൽ അനുശാസിക്കുന്ന തരം ഔഷധക്കൂട്ടുകൾ തയാറാക്കുകയാണ്. ആമസോൺ വനാന്തരങ്ങളിൽ കാണുന്ന അപൂർവ ഔഷധ സസ്യങ്ങൾ, തേൻ, പുതിന തുടങ്ങിയവ ഉപയോഗിച്ചാണ് ഇവർ മരുന്നുകൾ നിർമിക്കുന്നത്. ഇവയിൽ ചില സസ്യങ്ങൾക്ക് മലേറിയ പോലുള്ള രോഗങ്ങളെ പ്രതിരോധിക്കാനുള്ള ശക്തിയുണ്ട്. കൊവിഡിന്റേതു പോലുള്ള ലക്ഷണങ്ങൾ ആരിലെങ്കിലും കണ്ടാൽ ഉടൻ തന്നെ ഇവർ ഈ മരുന്ന് കഴിക്കാൻ നൽകും. പലരിലും ഈ മരുന്നുകൾ രോഗലക്ഷണങ്ങൾ ഭേദമാക്കാൻ സഹായിച്ചതായി സതേരെ മാവേ ഗോത്രവർഗത്തിലെ വൈദ്യൻമാർ പറയുന്നു.

ആമസോണസിൽ ഇതുവരെ 22,132 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഏകദേശം 1,500 ലേറെ പേർ മരിച്ചു. ബ്രസീലിൽ ആകെ 40 ഗോത്രവിഭാഗങ്ങളിൽ കൊവിഡിന്റെ സാന്നിദ്ധ്യം കണ്ടെത്തി. 537 ഗോത്രവർഗക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും 102 പേർ മരിച്ചതായുമാണ് ഔദ്യോഗിക രേഖകളിൽ സൂചിപ്പിക്കുന്നത്. ആമസോണസിന് പിന്നാലെ ബ്രസീലിലെ ഏറ്റവും വലിയ നഗരമായ സാവോ പോളോയിലും കൊവിഡ് മരണങ്ങൾ കുത്തനെ ഉയർന്നതിനെ തുടർന്ന് കൂട്ടശവക്കുഴികളിൽ മൃതദേഹങ്ങൾ സംസ്കരിക്കാൻ തുടങ്ങി. കൊവിഡ് രോഗികളുടെ എണ്ണത്തിൽ ലോകത്ത് മൂന്നാം സ്ഥാനമുള്ള ബ്രസീലിൽ ഇതേവരെ 293,357 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 18,894 പേർ മരിച്ചു.