പാലോട്: ക്ഷീരകർഷകർക്ക് നൽകുന്ന സബ്സിഡി തുക വകമാറ്റി ചെലവഴിച്ചതിൽ പ്രതിഷേധിച്ച് നന്ദിയോട് പഞ്ചായത്തിന് മുന്നിൽ ക്ഷീരകർഷക സഹകരണ മുന്നണിയുടെ നേതൃത്വത്തിൽ ധർണ നടത്തി. ത്രിതല പഞ്ചായത്തുകൾ ക്ഷീരകർഷകർക്കായി അനുവദിച്ച 21 ലക്ഷം രൂപ ലാപ്സായി പോയി എന്ന മറുപടി ക്ഷീരകർഷകരോടുള്ള വെല്ലുവിളിയാണെന്നും ഈ തുക പഞ്ചായത്ത് വകമാറ്റി ചിലവഴിച്ചെന്നും ഇതിനെ കുറിച്ച് അന്വേഷിച്ച് നടപടി എടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. നന്ദിയോട് സതീശൻ, പി.എസ്. ബാജിലാൽ ,നവോദയ മോഹനൻ നായർ, വിൻസൻ്റ്, ചന്ദ്രൻ പുലിയൂർ , ഉഷ, ബിന്ദു, സുജ തുടങ്ങിയവർ നേതൃത്ത്വം നൽകി. ത്രിതല പഞ്ചായത്തുകൾ സബ്സിഡിയായി നൽകുന്ന തുകയുടെ ബില്ല് മാറി കർഷകർക്ക് ലഭ്യമാക്കിയിരുന്നത് ഡയറി ഇൻസ്പെക്ടറാണ്. കഴിഞ്ഞവർഷം തുടർച്ചയായ മാസങ്ങളിൽ ഇൻസ്പെക്ടർ അവധിയിലായിരുന്നു. ഇതേത്തുടർന്ന് കർഷകർക്ക് സബ്സിഡി ലഭ്യമാകുവാൻ കാലതാമസം നേരിടുകയാണ്. അനുവദിച്ച സബ്സിഡിയുടെ കാലാവധി കഴിഞ്ഞതിനാൽ തുക സ്റ്റിൽ ഓവറാക്കി മാറ്റിയിട്ടുണ്ടെന്നും ഉടൻ ലഭ്യമാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ദീപ സുരേഷ് അറിയിച്ചു.