വർക്കല: ദേശീയ ജലപാതാ നവീകരണവുമായി ബന്ധപ്പെട്ട് ടി.എസ്. കനാലിലെ ഡ്രഡ്ജിംഗ് പുരോഗമിക്കുന്നതിനിടെ റാത്തിക്കൽ-ഒന്നാംപാലം തീരദേശ റോഡ് തകർന്നു. കനത്തമഴയിൽ ബുധനാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. റാത്തിക്കൽ പള്ളിയുടെ മുൻവശം മുതൽ റാത്തിക്കൽ തൊട്ടിപ്പാലം വരെയുള്ള റോഡിന്റെ ഒരു വശവും കനാലിന്റെ കരഭാഗവുമാണ് ഇടിഞ്ഞത്. എഴുപത് മീറ്ററോളം നീളത്തിൽ റോഡിന്റെ ഒരു ഭാഗവും പാർശ്വഭിത്തിയും തകർന്നു. റോഡിന്റെ മദ്ധ്യഭാഗം വരെ വിള്ളൽ വീണു. റോഡ് തകർന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസപ്പെട്ടു. ജലപാത നവീകരണത്തിന്റെ ഭാഗമായി വെട്ടൂർ മുതൽ ഒന്നാംപാലം വരെയുള്ള ഭാഗത്ത് മാസങ്ങളായി ടി.എസ്. കനാലിന്റെ നവീകരണം നടക്കുകയാണ്. അശാസ്ത്രീയമായ മണലെടുപ്പു കാരണമാണ് റോഡ് തകർന്നതെന്ന ആക്ഷേപവുമുണ്ട്. വിവരമറിഞ്ഞ് വി. ജോയി എം.എൽ.എ, വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസിം ഹുസൈൻ, വാർഡ് അംഗം നിസ അലിയാർ എന്നിവർ സ്ഥലത്തെത്തി. അപകടം ഒഴിവാക്കാനായി റോഡ് അടച്ചിരിക്കുകയാണ്. ഇൻലാൻഡ് നാവിഗേഷൻ ആൻഡ് കുട്ടനാട് പാക്കേജ് ചീഫ് എൻജിനിയർ സുരേഷ്, ഇൻലാൻഡ് നാവിഗേഷൻ ഉദ്യോഗസ്ഥർ എന്നിവരും സ്ഥലത്തെത്തി. ശാസ്ത്രീയ പഠനം നടത്താതെ മണ്ണെടുപ്പ് അനുവദിക്കില്ലെന്നും റോഡ് പുനർനിർമ്മിക്കണമെന്നും വെട്ടൂർ പഞ്ചായത്ത് പ്രസിഡന്റ് അസീം ഹുസൈൻ ആവശ്യപ്പെട്ടു. ആവശ്യമായ നടപടികൾ കൈക്കൊളളുമെന്നും അതുവരെ കനാൽ നവീകരണം നിറുത്തിവയ്ക്കുമെന്നും ചീഫ് എൻജിനിയർ അറിയിച്ചു.