police-

തിരുവനന്തപുരം: കൊവിഡ് ബോധവത്കരണത്തിനായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ എല്ലാ പൊലീസ് സ്റ്റേഷനുകളും സന്ദർശിക്കും. കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനിലെ വിദഗ്ദ്ധർ മാർഗനിർദ്ദേശങ്ങൾ തയ്യാറാക്കി.

ഐ.എം.എ ഭാരവാഹികളായ ഡോ.എബ്രഹാം വർഗീസ്, ഡോ.പി.ഗോപികുമാർ, ഡോ.ജോൺ പണിക്കർ എന്നിവർ മാർഗ നിർദ്ദേശങ്ങൾ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയ്ക്ക് കൈമാറി. പൊലീസുകാർ ഉപയോഗിക്കുന്ന മഴക്കോട്ട് പി.പി.ഇ കിറ്റായി മാറ്റാനുളള സാദ്ധ്യതയും അവർ പൊലീസ് മേധാവിയുമായി പങ്കുവച്ചു. ഐ.എം.എയിലെ ആരോഗ്യപ്രവർത്തകർ എല്ലാ പൊലീസ് സ്റ്റേഷനുകളും ബറ്റാലിയനുകളും നേരിട്ട് സന്ദർശിച്ച് മാർഗ നിർദേശങ്ങൾ കൈമാറും.

കൊവിഡിനെക്കുറിച്ച് പൊലീസുദ്യോഗസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കാൻ ഈ അവസരം ഉപയോഗിക്കാമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. ഇംഗ്ലീഷിലും മലയാളത്തിലും തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങൾ കേരള പൊലീസ് അക്കാദമിയിലെ ഉദ്യോഗസ്ഥർക്കും ലഭ്യമാക്കും. വീട്ടുനിരീക്ഷണത്തിൽ കഴിയുന്നവരുടെ അയൽവാസികളെ വൈറസ് വ്യാപനത്തെക്കുറിച്ച് ബോധവത്കരിക്കുന്നതിന് ജനമൈത്രി പൊലീസ് നടപടി സ്വീകരിക്കും.

സമൂഹത്തിലെ മറ്റുളളവർക്ക് സുരക്ഷ നൽകാൻ വേണ്ടിയാണ് രോഗലക്ഷണങ്ങൾ ഉളളവരെയും സംസ്ഥാനത്തിന് വെളിയിൽ നിന്നുവന്നവരെയും വീട്ടുനിരീക്ഷണത്തിൽ പാർപ്പിക്കുന്നതെന്ന് അവരോട് വ്യക്തമാക്കും. അധികൃതരുടെ നിർദ്ദേശങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് നിരീക്ഷണത്തിൽ കഴിയുന്നവരെയും പറഞ്ഞ് മനസിലാക്കും. വാർഡുതല സമിതികളിൽ അംഗമായ പൊലീസ് ഉദ്യോഗസ്ഥർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു.