മോസ്കോ : കൊവിഡ് പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ആരോഗ്യ പ്രവർത്തകരെയാണ് ഇന്ന് ലോകം ഏറ്റവും കൂടുതൽ ആദരിക്കുന്നത്. എന്നാൽ റഷ്യയിൽ സ്ഥിതി മറിച്ചാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. രാപകൽ വ്യത്യാസമില്ലാതെ കൊവിഡ് രോഗികളെ പരിചരിക്കുമ്പോഴും തങ്ങൾ അവഗണനകൾ നേരിടുന്നുവെന്ന് റഷ്യൻ ആരോഗ്യ പ്രവർത്തകർ പറയുന്നു. ശമ്പളമില്ലായ്മ, വിശ്വാസ വഞ്ചന, വിദ്വേഷം ഇതൊക്കെയാണ് കൈയ്യടിയ്ക്കും ആദരങ്ങൾക്കും പകരം റഷ്യൻ ആരോഗ്യ പ്രവർത്തകർക്ക് ലഭിക്കുന്നത്. റഷ്യൻ ആശുപത്രികളിൽ സുരക്ഷാ ഉപകരണങ്ങളുടെ കുറവ് ചൂണ്ടിക്കാട്ടി നിരവധി ഡോക്ടർമാർ രംഗത്തെത്തിയിരുന്നു. എന്നാൽ പരാതികളിൽ ഉയർത്തിയാൽ പിരിച്ചു വിടൽ അടക്കമുള്ള ഭീഷണികളാണ് മാനേജ്മെന്റുകളുടെ ഭാഗത്ത് നിന്നും തങ്ങൾ നേരിടുന്നതെന്ന് ഭൂരിഭാഗം ഡോക്ടർമാരും പറയുന്നു.
നേരത്തെ റഷ്യയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലെ അപാകതകൾ ചൂണ്ടിക്കാട്ടി ആരോഗ്യ വകുപ്പിനെ വിമർശിച്ച മൂന്ന് ഡോക്ടർമാർ ഏപ്രിൽ മാസം വ്യത്യസ്ത തീയതികളിൽ ദുരൂഹ സാഹചര്യത്തിൽ ആശുപത്രിയുടെ മുകളിലെ ജനാല വഴി താഴേക്ക് വീണ് മരിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. തങ്ങൾക്ക് ആവശ്യത്തിന് സുരക്ഷാ സജ്ജീകരണങ്ങളില്ലെന്നും രോഗബാധ കണ്ടെത്തിയിട്ടും രോഗികളെ ചികിത്സിക്കാൻ പ്രേരിപ്പിക്കുന്നതായുമുള്ള വിവരം പരസ്യമായി പറഞ്ഞതിന് പിന്നാലെയാണ് ഇവർക്ക് അപകടമുണ്ടായത്. ഈ ദുരൂഹ മരണങ്ങളിൽ പലരും സംശയമുന്നയിക്കുന്നുണ്ട്. നിലവിൽ 317,554 പേർക്കാണ് റഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 3,099 പേർ മരിച്ചതായാണ് റിപ്പോർട്ട്. ഇതിനിടെ റഷ്യയിലെ കുറഞ്ഞ മരണ നിരക്കിനെ ചൊല്ലിയും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
70 മേഖലകളിലായി കുറഞ്ഞത് 9,479 ആരോഗ്യ പ്രവർത്തകർക്ക് കഴിഞ്ഞ മാസം റഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചതായും ഇതിൽ 70 ലേറെ പേർ മരിച്ചെന്നുമാണ് റിപ്പോർട്ട്. എന്നാൽ 250 ഓളം പേർ തങ്ങൾക്കിടയിൽ മരിച്ചതായാണ് ആരോഗ്യ പ്രവർത്തകർ വെളിപ്പെടുത്തുന്നത്. മോസ്കോയ്ക്കടുത്ത് റൂടോവിലെ ഒരു ആശുപത്രിയിൽ മാത്രം 40 ഓളം ആരോഗ്യപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
സുരക്ഷിതമല്ലാത്ത ജോലി സാഹചര്യങ്ങളെ പറ്റി പരാതികൾ ഉന്നയിച്ചവരെ മേലധികാരികൾ ഭീഷണിപ്പെടുത്തിയിരുന്നു. മാനേജ്മെന്റുകളുടെ ഭീഷണിയെ തുടർന്ന് റൂടോവിലെ ആശുപത്രിയിൽ ഡോക്ടർമാർ ഉൾപ്പെടെ 15 ഓളം പേർ ജോലിയിൽ നിന്നും രാജി വച്ചു. റഷ്യൻ ആശുപത്രികളിലെ ശോചനീയാവസ്ഥകൾ വീഡിയോ സഹിതം പുറത്തുവിട്ട ആരോഗ്യപ്രവർത്തകരെ അച്ചടക്ക ലംഘനം നടത്തിയ പേരിൽ പുറത്താക്കി. പാരാമെഡിക്കൽ ജീവനക്കാർക്ക് ഉൾപ്പെടെ മതിയായ ശമ്പളവും കിട്ടുന്നില്ലെന്ന് പരാതി ഉയരുന്നുണ്ട്. പടിഞ്ഞാറൻ കലിനിൻഗ്രാഡ് മേഖലയിൽ രണ്ടാഴ്ച മുമ്പ് 300 ഓളം ആരോഗ്യപ്രവർത്തകരാണ് ജോലി രാജി വച്ചത്. സൈബീരിയൻ നഗരമായ നോവോസിബിർസ്കിൽ ഡസൻകണക്കിന് പാരമെഡിക്കൽ ജീവനക്കാർ ഈ മാസം ജോലി ഉപേക്ഷിച്ചു. വ്ലാഡിമിർ മേഖലയിൽ ഒരു ആശുപത്രിയിൽ 40 ജീവനക്കാർ ജോലി രാജി വയ്ക്കുന്നതായുള്ള നോട്ടീസ് നൽകിയിരിക്കുകയാണ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8,849 പേർക്കാണ് റഷ്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. 127 മരണം റിപ്പോർട്ട് ചെയ്യുകയും ചെയ്തു.