കിളിമാനൂർ: മഴ എത്തിയിട്ടും തീരാത്ത മഴക്കാല പൂർവ ശുചികരണം. വേനൽ കാലത്ത് നടത്തേണ്ട മഴക്കാലപൂർവ ശുചികരണം പല പഞ്ചായത്തുകളിലും നടക്കുന്നതേയുള്ളു. കൊവിഡ് പ്രതിസന്ധിയാണ് ശുചികരണം വൈകാനുള്ള കാരണം. പഞ്ചായത്തുകളിൽ വാർഡ് തലത്തിൽ സാനിറ്റേഷൻ കമ്മിറ്റികൾ രൂപീകരിച്ചാണ് ശുചികരണ പ്രവർത്തനങ്ങൾ നടത്തുന്നത്. എന്നാൽ വേനൽ മഴ എത്തിയതോടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് താളം തെറ്റുകയാണ്. മഴ എത്തുന്നതിന് മുൻപ് തന്നെ ശുചീകരിക്കേണ്ട തോടുകളും, ഓടകളും ഇതുവരെയും മാലിന്യങ്ങൾ നീക്കിയിട്ടില്ല. നിരവധി കുടിവെള്ള പദ്ധതികൾ ഉള്ള നദികളിൽ വേനൽ മഴ ആയതോടെ മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഓടകളിൽ മാലിന്യം നിറഞ്ഞിരിക്കുന്നതിനാൽ ഓടകളിലൂടെ ഒഴുകേണ്ട മലിന ജലം റോഡിലൂടെയാണ് ഒഴുകുന്നത്. കച്ചവട സ്ഥാപനങ്ങളിൽ വരെ മലിനജലം കയറുന്ന സ്ഥിതിയാണുള്ളത്. ഡെങ്കിപ്പനി, ചിക്കൻ ഗുനിയ തുടങ്ങി വിവിധ തരം പനിക്കാലമാണ് വരാൻ പോകുന്നത്. മാലിന്യ നിർമാർജനം സാദ്ധ്യമായില്ലേൽ വരാൻ പോകുന്നത് പകർച്ച വ്യാധികളുടെ ഒരു കാലമാകും.