തിരുവനന്തപുരം: ലോകത്തെയാകെ ഗ്രസിച്ച കൊവിഡെന്ന മഹാമാരിക്കെതിരെ കേരളം തീർത്ത സാമൂഹ്യ പ്രതിരോധത്തിന് ആദരം അർപ്പിച്ചു കൊണ്ട് അതിജീവന ഗാനവുമായി കൊല്ലം പതാരം ശാന്തിനികേതനം മോഡൽ ഹയർ സെക്കന്ററി സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും. "അതിജീവനം" എന്ന് നാമകരണം ചെയ്ത വീഡിയോ ആൽബം ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ അതിജീവനത്തിന്റെ നേർസാക്ഷ്യമാണ് പ്രേക്ഷകർക്കായി പങ്കുവയ്ക്കുന്നത്. "നമ്മൾ പൊരുതും നമ്മൾ ജയിക്കും" എന്ന പ്രത്യാശ ഉണർത്തുന്ന ഗാനം കൊവിഡ് പ്രതിരോധത്തിൽ നിസ്തുല സേവനം നടത്തി വരുന്ന ആരോഗ്യ പ്രവർത്തകർക്കും നിയമപാലകർക്കും പ്രണാമം അർപ്പിക്കുന്നു.
ലോക്ക് ഡൗണിന്റെ എല്ലാ പരിമിതികൾക്കുള്ളിൽ നിന്ന് തയ്യാറാക്കിയിട്ടുള്ള ഈ ഗാനം പതാരം സ്കൂളിലെ അദ്ധ്യാപകനായ പി.ജി സുനിൽ കുമാറാണ് രചിച്ചത്. സ്കൂളിലെ സംഗീത അധ്യാപകനായ ആനയടി രാകേഷ് സംഗീതം നൽകി. വിദ്യാർത്ഥികളായ സിംസി, രേഷ്മ, കൃഷ്ണവേണി, ഫർഹാന, ഫർസാന, ഷാനവാസ് എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്. ഇരുളടഞ്ഞ പ്രതീക്ഷ നശിച്ച നാളുകളിൽ നിന്നും ജ്വലിക്കുന്ന താരകമായി ഉയരാനായി കേരളജനതക്കുള്ള ഉപദേശങ്ങളും രോഗപ്രതിരോധ നിർദ്ദേശങ്ങളുമാണ് ഗാനത്തിന്റെ ഇതിവൃത്തം.
അതിജീവനത്തിന്റെ പാതയിൽ കരുത്തോടെ മുന്നേറുന്ന കേരള ജനതക്ക് ഊർജ്ജം പകർന്ന് ഗാനം ജനഹൃദയങ്ങൾ കീഴടക്കുകയാണ്. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ച് ഒരു ജനതയുടെ മനോബലമായി മാറിയ ഈ ഗാനം ഇതിനോടകം തന്നെ നവമാധ്യമങ്ങളിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പൊതു സമൂഹത്തെ ബോധവത്കരിച്ചും ആയിരം മാസ്കുകൾ നിർമ്മിച്ച് നൽകിയും നാടിന് മാതൃകയാകുകയാണ് പതാരം സ്കൂൾ.