തിരുവനന്തപുരം: നഗരത്തിൽ സ്വകാര്യ ബസ് സർവീസുകൾ ആരംഭിച്ചെങ്കിലും ഇന്നലെ നിരത്തിലിറങ്ങിയത് ചുരുക്കം ബസുകൾ മാത്രം. നഗരത്തിലെ വിവിധ പ്രദേശങ്ങളിലായി 15ൽ താഴെ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. വലിയ തിരക്ക് അനുഭവപ്പെട്ടതുമില്ല.

വരും ദിവസങ്ങളിൽ കൂടുതൽ ബസ് സർവീസുകൾ ആരംഭിക്കുന്ന കാര്യത്തിൽ സ്വകാര്യ ബസ് ഉടമകൾ ഉറപ്പ് നൽകിയിട്ടില്ല. മുൻപ് 8,000 - 10,000 രൂപ വരെ ദിവസവും ലഭിച്ച റൂട്ടുകളിൽ 3000- 4500 രൂപയാണ് ലഭിച്ചത്. അധിക ദിവസം നഷ്ടം സഹിച്ച് സർ‌വീസുകൾ നടത്താനാവില്ലെന്നാണ് ബസ് ഉടമകൾ പറയുന്നത്. പല ബസുകളുടെയും അറ്റകുറ്റപ്പണികൾ പൂർത്തിയാകാത്തതിനാൽ നിരത്തിലിറങ്ങിയിട്ടുമില്ല. 38 സീറ്റുകളുള്ള ബസുകളാണ് നഗരത്തിലോടുന്നവയിൽ അധികവും. 20 പേർക്ക് നിന്നും യാത്ര ചെയ്യാം. നിലവിലെ സാഹചര്യത്തിൽ 19 പേർക്ക് മാത്രമാണ് ഒരു ബസിൽ സഞ്ചരിക്കാൻ കഴിയുക. മിനിമം ചാർജ് വർദ്ധിപ്പിച്ചെങ്കിലും മൂന്നിലൊന്നായി യാത്രക്കാർ ചുരുങ്ങിയതോടെ റൂട്ടുകൾ ലാഭകരമല്ലെന്നാണ് ഇവർ പറയുന്നത്. ഇതിനിടയിൽ ഡീസൽ വിലയും വർദ്ധിച്ചു. മറ്റ് അറ്റകുറ്റപ്പണികളും വാഹനത്തിന്റെ ലോണും അടയ്ക്കാൻ കിട്ടുന്ന തുക തികയില്ല. ലോക്ക് ഡൗൺ കാലം കൂടിയായതിനാൽ ജീവനക്കാ‌ർക്ക് കൂലി നൽകാതിരിക്കാനുമാവില്ല. കുറച്ചു ദിവസം കൂടി കഴിഞ്ഞ ശേഷം കൂടുതൽ കാര്യം തീരുമാനിക്കാമെന്ന നിലപാടിലാണ് ബസുടമകൾ.

ചെലവായ തുക പോലും ലഭിക്കുന്നില്ല. ചുരുങ്ങിയത് 2000 രൂപയെങ്കിലും കൈയിൽ നിന്ന് ഏടുക്കേണ്ട സ്ഥിതിയാണ്. തിലവിലെ സാഹചര്യം കണക്കിലെടുത്ത് ജീവനക്കാ‌ർക്ക് കൂലി നൽകാതിരിക്കാനുമാവില്ല. വി. സാജു(സിറ്റി പ്രൈവറ്റ് ബസ് ഓണേഴ്സ് അസോസിയേഷൻ സെക്രട്ടറി)

സർവീസ് നടത്തിയത് 15 ബസുകൾ

ദിവസ വരുമാനം 8000 - 10000 രൂപ (മുൻപ്)

കഴിഞ്ഞ ദിവസം ലഭിച്ചത് -3000- 4500 രൂപ