ന്യൂയോർക്ക് : അമേരിക്കയിൽ കൊവിഡ് കത്തിപ്പടരുകയാണ്. ഇതേ വരെ 15, 93,297 പേർക്ക് രോഗം സ്ഥിരീകരിച്ചു. 94,948 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. എന്നാൽ ഇത്രയും ഭീകരമായ അന്തരീക്ഷത്തിലും അമേരിക്കക്കാർ പുറത്ത് സമ്മർ ആഘോഷിക്കുന്ന തിരക്കിലാണ്. മിക്ക സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ വൻ ഇളവുകൾ നൽകിയതോടെ വൈറസിനെ വകവയ്ക്കാതെ പാർക്കുകളിലും ബീച്ചുകളിലുമൊക്കെ നിരവധി പേരാണ് എത്തുന്നത്. സാമൂഹ്യ അകലം പാലിക്കാതെ ഇത്തരത്തിൽ ഒത്തുകൂടുന്നത് അമേരിക്കയെ വൻ നാശത്തിലേക്ക് നയിക്കുമെന്നാണ് മുന്നറിയിപ്പ്.
ടെക്സസിലെ ന്യൂ ബ്രോൺഫെൽസിൽ കോമൽ നദിയിൽ കഴിഞ്ഞ ദിവസം നീന്താനും ശുദ്ധവായു ശ്വസിക്കാനും എത്തിയവരുടെ എണ്ണം കണ്ട് ആരോഗ്യവിദഗ്ദ്ധർ കണ്ണു തള്ളി. ! പതിനായിരക്കണക്കിന് പേർ മരിച്ചു വീണിട്ടും യാതൊരു കൂസലുമില്ലാതെ ഒരു മാസ്ക് പോലുമില്ലാതെയാണ് ജനങ്ങൾ പുറത്തു കറങ്ങി നടക്കുന്നത്. കൊളറാഡോയിലും സ്ഥിതി ഇത് തന്നെ. മെമ്മോറിയൽ ഡേ വീക്ക് ആഘോഷിക്കാനെന്ന പേരിൽ നിരവധി പേർ മാസ്കില്ലാതെയും അകലം പാലിക്കാതെയും ഒത്തുകൂടി. ന്യൂയോർക്കിൽ ഔട്ട്സൈഡ് ബാറുകളിൽ മദ്യപിക്കാനെത്തിയവർ നിരവധി. ഇങ്ങനെ പോകുകയാണെങ്കിൽ അമേരിക്കയിൽ 5.4 ദശലക്ഷം പേർക്ക് കൊവിഡ് ബാധിക്കുമെന്നും 290,000 പേർ മരിക്കുമെന്നുമാണ് മുന്നറിയിപ്പ്.
ദിവസേനയുള്ള മരണനിരക്ക് ന്യൂയോർക്കിൽ അല്പം കുറഞ്ഞിട്ടുണ്ട്. ദിനംപ്രതി ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. എന്നാൽ ഇപ്പോഴും കിടക്കകളും ഐ.സി.യു സംവിധാനങ്ങളുമെല്ലാം ആവശ്യത്തിനില്ല. ന്യൂയോർക്കിലെ പത്തിൽ ഏഴ് മേഖലകളിലും ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഭാഗികമാണ്. ടെക്സസിൽ ബാറുകൾ, ഡേ കെയറുകൾ ഉൾപ്പെടെയുള്ളവ തുറന്നു. അടുത്താഴ്ചയോടെ മൃഗശാലയും മറ്റും തുറക്കാൻ ആലോചിക്കുന്നുണ്ട്. റെസ്റ്റോറന്റുകളിൽ പ്രവേശിപ്പിക്കാവുന്നവരുടെ എണ്ണവും അടുത്താഴ്ച കൂട്ടാനാണ് ടെക്സസ് തീരുമാനിച്ചിരിക്കുന്നത്. എന്നാൽ തീം പാർക്കുകൾ അടഞ്ഞു കിടക്കും. എല്ലാ സംസ്ഥാനങ്ങളിലും സാമൂഹ്യ അകലം പാലിക്കണമെന്ന് പറയുന്നുണ്ടെങ്കിലും പലരും ചെവിക്കൊള്ളുന്നില്ല. ടെക്സസിൽ 1,411 പുതിയ കൊവിഡ് കേസുകളാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. മാർച്ച് 17 മുതലുള്ള കണക്ക് പരിശോധിച്ചാൽ ടെക്സസിലെ രോഗബാധിതരുടെ എണ്ണം 51,323 ആയി. ഇന്നലെ 50 പേർ കൂടി മരിച്ചതോടെ ആകെ മരണം 1,419 ആയി. ടെക്സസിൽ റെസ്റ്റോറന്റുകളിൽ 50 ശതമാനം പേരെയും ബാറുകളിൽ 25 ശതമാനം പേരെയും പ്രവേശിപ്പിക്കാനാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
കൊളറാഡോയിൽ ഇതേവരെ 22,000ത്തിലേറെ പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,200 പേർ മരിക്കുകയും ചെയ്തു. 364,249 കൊവിഡ് രോഗികളുള്ള ന്യൂയോർക്കാണ് ഏറ്റവും കൂടുതൽ രോഗബാധിതരുള്ള യു.എസ് സംസ്ഥാനം. ന്യൂജേഴ്സി, ഇല്ലിനോയിസ്, മസാച്യുസെറ്റ്സ്, കാലിഫോർണിയ, പെൻസിൽവേനിയ, മിഷിഗൺ, ടെക്സസ്, ഫ്ലോറിഡ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിൽ. വെർമോണ്ട്, വൈയോമിംഗ്, ഹവായി, മോണ്ടാന, അലാസ്ക എന്നിവിടങ്ങളിലാണ് കൊവിഡ് തീവ്രത അല്പമെങ്കിലും കുറവുള്ളത്. അവിടങ്ങളിൽ കൊവിഡ് രോഗികളുടെ എണ്ണം1000 ത്തിൽ താഴെയും മരണ നിരക്ക് 100ൽ താഴെയുമാണ്.