കുളത്തൂർ/കിളിമാനൂർ: സംഘം ചേർന്ന് പാറപ്പുറത്ത് കയറി സെൽഫിയെടുക്കവേ നദിയിൽ വീണ സഹോദരനെ രക്ഷിക്കാൻ ശ്രമിച്ച പതിനഞ്ചുകാരൻ കയത്തിൽ അകപ്പെട്ട് മരിച്ചു. സഹോദരനെ ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി.
കുളത്തൂർ പൗണ്ടുകടവ് പുളിമുട്ടത്ത് ഷഹനാസ് മൻസിലിൽ സുൽഫിക്കർ-ഷർമി ദമ്പതികളുടെ മകനും ആക്കുളം എം.ജി.എം സെൻട്രൽ പബ്ളിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയുമായ ഷഹനാസാണ് മരിച്ചത്.
വാമനപുരം നദിയിലെ കളമച്ചൽ ആറാട്ടു കടവിൽ ഇന്നലെ രാവിലെ 10ഓടെയാണ് സംഭവം.
ഷഹനാസും എട്ടാം ക്ളാസുകാരനായ സഹോദരൻ ഷബാസും റംസാൻ കാലമായതിനാൽ കാരേറ്റ് കരുവള്ളിയാട് താമസിക്കുന്ന മാതൃസഹോദരിയുടെ മകളുടെ വീട്ടിലെത്തിയതായിരുന്നു. അവിടെനിന്നാണ് മറ്റു മൂന്നുപേരുമായി 2 കിലോമീറ്റർ അകലെയുള്ള ആറാട്ടുകടവിലെത്തിയത്.
അഞ്ചുപേരും പാറപ്പുറത്ത് കയറി സെൽഫിയെടുക്കുമ്പോഴാണ് കാൽവഴുതി ഷബാസ് നദിയിൽ വീണത്. ഷബാസിനെ കൈനീട്ടി രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ ഷഹനാസ് കയത്തിലേക്കു വീണു. ഷബാസിനെ മറ്റുള്ളവർ പിടിച്ചു കരയ്ക്കെത്തിച്ചു. ഷഹനാസിനെ രക്ഷിക്കാനായില്ല. കുട്ടികളുടെ നിലവിളി കേട്ട് എത്തിയ നാട്ടുകാർക്കും നിസഹായരായി നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ. ഫയർ ഫോഴ്സ് നടത്തിയ രക്ഷാപ്രവർത്തനം നദിയിലെ ശക്തമായ ഒഴുക്കും കയത്തിന്റെ ആഴവും കാരണം വിഫലമായി. തിരുവനന്തപുരത്ത് നിന്ന് സ്കൂബാ ടീമിനെ വരുത്തി ഉച്ചയ്ക്ക് രണ്ടോടെ മൃതദേഹം കയത്തിൽ നിന്ന് പുറത്തെടുത്തു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം പൗണ്ട്കടവ് കാഞ്ഞിരംകോട് മുസ്ലിം പള്ളിയിൽ കബറടക്കി. തുമ്പ വി.എസ്.എസ്.സി.യിലെ കരാർ വിഭാഗം ക്ലീനിംഗ് തൊഴിലാളിയാണ് പിതാവ് സുൽഫിക്കർ. മൂന്നാം ക്ലാസ് വിദ്യാർത്ഥിനി അൻസില സഹോദരിയാണ്.