health
മൃതസഞ്ജീവനി പദ്ധതിയിലൂടെ അവയവദാനത്തിനുള്ള സമ്മതപത്രം മോഹൻലാൽ ഫാൻസ് അസോസിയേഷൻ ഭാരവാഹികൾ ആരോഗ്യമന്ത്രി കെ.കെ.ശൈലജയ്ക്ക് കൈമാറുന്നു. മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്, ട്രാൻപ്ലാന്റ് കോ-ഓർഡിനേറ്റർമാരായ എസ്.എൽ. വിനോദ് കുമാർ, പി.വി. അനീഷ് തുടങ്ങിയവർ സമീപം

തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ 60-ാം ജന്മദിനം കൊവിഡ് കാലത്ത് ‌വേറിട്ട രീതിയിൽ ആഘോഷിച്ച് ആൾ കേരള മോഹൻലാൽ ഫാൻസ് ആൻഡ് കൾച്ചറൽ വെൽഫെയർ അസോസിയേഷൻ. സംസ്ഥാന സർക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനിയിൽ അവയവദാന സമ്മതപത്രം നൽകിയാണ് ആഘോഷം അവിസ്‌മരണീയമാക്കിയത്. ഫാൻസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അരവിന്ദ്, സെക്രട്ടറി ഷിബു ശശി എന്നിവർ ചേർന്ന് സമ്മതപത്രം ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്ക് കൈമാറി. മന്ത്രിക്ക് കേക്കും സമ്മാനിച്ചു.

മൃതസഞ്ജീവനിയുടെ ഗു‌ഡ്‌‌വിൽ അംബാസഡർ കൂടിയായ മോഹൻലാലിന് ആരോഗ്യ വകുപ്പുമായി അടുത്ത ബന്ധമുണ്ടെന്ന് മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യത്തിനായുള്ള അദ്ദേഹത്തിന്റെ അവബോധ പ്രവർത്തനങ്ങൾ നന്ദിയോടെ ഓർക്കുന്നു. ഈ പിറന്നാളിൽ ഫാൻസുകാർ ഇങ്ങനെയൊരു രീതി തിരഞ്ഞെടുത്തത് അഭിനന്ദനാർഹമാണെന്ന് പറഞ്ഞ മന്ത്രി, മോഹൻലാലിന് ജന്മദിനാശംസകളും നേർന്നു. മൃതസഞ്ജീവനി നോഡൽ ഓഫീസർ ഡോ. നോബിൾ ഗ്രേഷ്യസ്, ട്രാൻപ്ലാന്റ് കോ-ഓർഡിനേറ്റർമാരായ എസ്.എൽ. വിനോദ് കുമാർ, പി.വി. അനീഷ് എന്നിവരും പങ്കെടുത്തു.