ip-binu

തിരുവനന്തപുരം: മാനസിക നില തെറ്റിയ വയോധികന് തുണയായി നഗരസഭ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ.പി. ബിനു. ഉടുതുണി പോലുമില്ലാതെ മഴ നനഞ്ഞ് ജനറൽ ആശുപത്രി ജംഗ്ഷനിൽ ഇരുന്ന ഇയാളെ ഇന്നലെ രാവിലെ 9 ഓടെ ഐ.പി ബിനു കാണുകയും ഇയാൾക്ക് വസ്ത്രം വാങ്ങി നൽകി നഗരസഭയുടെ ആംബുലൻസിൽ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു. ഇയാളെ ആംബുലൻസിൽ കയറ്റാൻ സഹായിക്കാൻ ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ച ശ്രീകണ്‌ഠേശ്വരം സർക്കിളിലെ സാനിട്ടേഷൻ വർക്കർ സുദർശനനെ കൃത്യനിർവഹണത്തിൽ അലംഭാവം കാണിച്ചതിന് ശ്രീകാര്യം സ‌ർക്കിളിലേക്ക് സ്ഥലം മാറ്റി. ആശുപത്രിയിലെത്തിക്കുന്നതിനായി നഗരസഭയിൽ നിന്നെത്തിയ ആംബുലൻസ് കണ്ട് ഓടാൻ തുടങ്ങിയ വയോധികനെ വണ്ടിയിൽ കയറ്റാൻ സഹായമഭ്യ‌ർത്ഥിച്ചപ്പോൾ വിസമ്മതിക്കുകയാണ് ആ സമയം അവിടെയെത്തിയ സുദർശനൻ ചെയ്തതെന്ന് ഐ.പി. ബിനു പറഞ്ഞു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ ഇയാളെ വാഹനത്തിൽ പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചു.