sat

ഉള്ളൂർ: എസ്.എ.ടി ആശുപത്രിയിൽ കുട്ടികൾക്കുള്ള പ്രതിരോധ കുത്തിവയ്പ് പുനരാരംഭിച്ചു. ലോക്ക് ഡൗണിനെ തുടർന്ന് തിരക്ക് തിയന്ത്രിക്കുന്നതിന്റെ ഭാഗമായി സേവനം നിറുത്തിവച്ചിരുന്നു. സർക്കാർ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതോടെയാണ് പ്രതിരോധ കുത്തിവയ്പ് പുനഃസ്ഥാപിച്ചത്. സാമൂഹിക അകലം പാലിച്ചാണ് കുത്തിവയ്പ് നൽകുന്നത്. നിർബന്ധിത കുത്തിവയ്പുകൾക്കൊപ്പം ആശുപത്രിയിൽ നൽകിവന്നിരുന്ന മറ്റ് ഐച്ഛിക കുത്തിവയ്പുകളും ഇതോടൊപ്പം പുനരാരംഭിച്ചിട്ടുണ്ട്. ബി.സി.ജി, ഒ.പി.വി, ഐ.പി.വി,റോട്ടാവൈറസ്, ഹെപ്പറ്റൈറ്റിസ് ബി തുടങ്ങി നിർബന്ധിത കുത്തിവയ്പുകൾക്കൊപ്പം ചിക്കൻപോക്സ് വാക്സിൻ ഉൾപ്പെടെയുള്ള ഐച്ഛിക വാക്സിനുകളും നൽകും. ഇവ എസ്.എ.ടി ഹെൽത്ത് എഡ്യൂക്കേഷൻ സൊസൈറ്റിയുടെ നേതൃത്വത്തിലാണ് നൽകുന്നത്. നിർബന്ധിത കുത്തിവയ്പുകൾ സൗജന്യമാണ്.

ഒ.പി ദിവസങ്ങളിൽ രാവിലെ 9 ത് മുതൽ 1 മണി വരെയാണ് വാക്സിനുകൾ നൽകുന്നത്.

ഒരു സമയം രണ്ടു പേർക്ക് വാക്സിൻ നൽകും.

അമ്മയ്ക്കും കുഞ്ഞിനും മാത്രമേ അകത്തു പ്രവേശനമുണ്ടായിരിക്കുകയുള്ളൂ.

 പ്രവേശിക്കുന്നതിനു മുമ്പ് കൈകൾ സാനിറ്റൈസറുകൾ ഉപയോഗിച്ച് വൃത്തിയാക്കണം.

 മാസ്ക് ധരിച്ചിരിക്കണം. കുത്തിവയ്പ് നൽകുന്ന ജൂനിയർ പബ്ളിക് ഹെൽത്ത് നഴ്സുമാർ മാസ്ക്, ഗ്ലൗസ് എന്നിവ ധരിച്ചിരിക്കണം.