kpcc
KPCC

തിരുവനന്തപുരം:കെ.പി.സി.സി സെക്രട്ടറിമാരുടെ സാദ്ധ്യതാ പട്ടികയിൽ അർഹതയില്ലാത്തവർ ഇടംപിടിച്ചെന്ന ആക്ഷേപം തെരുവിലെ പോസ്റ്റർ യുദ്ധത്തിലെത്തി.

രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വം അനുസ്മരിച്ച് ഇന്നലെ

സമഭാവനാ ദിനാചരണത്തിന് ഉന്നത നേതാക്കളെല്ലാം തലസ്ഥാനത്ത് എത്തിയ സന്ദർഭത്തിലാണ് പാർട്ടി ആസ്ഥാനമായ ഇന്ദിരാ ഭവന് മുന്നിലും പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കുള്ള വഴിനീളെയും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. സേവ് കോൺഗ്രസ് ഫോറത്തിന്റെ പേരിലാണ് പതിച്ചത്. ഇന്ദിരാഭവന് മുന്നിലേത് ഉച്ചയോടെ നീക്കം ചെയ്തു.

കെ.പി.സി.സി സെക്രട്ടറിമാരുടെ സാധ്യതാപട്ടികയിൽ കോഴ കൊടുത്ത് അർഹതയില്ലാത്തവർ കയറിപ്പറ്റിയെന്നാണ് ആക്ഷേപം. ഹൈക്കമാൻഡിന് പരാതി കൊടുത്തതിന്റെ പിന്നാലെയാണ് തെരുവിലെ വിഴുപ്പലക്കൽ.

കൊവിഡ് കാലത്തെ കച്ചവടമെന്നാണ് പരിഹാസം.

കള്ളൻ, തട്ടിപ്പുവീരൻ, പെണ്ണ് കച്ചവടക്കാരൻ, സ്വവർഗരതിക്കാരൻ, മന്ത്രവാദി, കല്യാണരാമൻ, മുച്ചീട്ടുകളിക്കാരൻ, ജ്യോത്സ്യൻ എന്നിങ്ങനെയാണ് ചിലരെ വിശേഷിപ്പിക്കുന്നത്. സഹകരണബാങ്ക് വിഴുങ്ങിയത് പോരാഞ്ഞ് കോൺഗ്രസ് ഭാരവാഹിത്വവും വിൽക്കുന്നുവോയെന്ന ചോദ്യത്തിലൂടെ ഉന്നം വയ്ക്കുന്നത് പുതിയ ഭാരവാഹിയെയാണ്.

വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി നിയമനങ്ങൾ നടത്തി അഞ്ച് മാസമായെങ്കിലും ചുമതലാവിഭജനം ഗ്രൂപ്പുകളുടെ സമ്മർദ്ദം കാരണം മരവിപ്പിച്ചിരിക്കുകയാണ്. സെക്രട്ടറിമാരെ ഫെബ്രുവരി ആദ്യം പ്രഖ്യാപിക്കുമെന്നാണ് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്. ജംബോ പട്ടികയാണ് ഹൈക്കമാൻഡിന് മുന്നിലെത്തിയത്.

പ്രതികരണം

പിതൃശൂന്യ പോസ്റ്ററുകളെക്കുറിച്ച് ഒന്നും പറയാനില്ല. സ്വഭാവഹത്യാരാഷ്ട്രീയം ആർക്കും ഭൂഷണമല്ല. എനിക്കെതിരെ തെളിവുണ്ടെങ്കിൽ കൊണ്ടുവരണം. ഞാൻ സുതാര്യമായ പൊതുജീവിതത്തിനുടമയാണ്.

മുല്ലപ്പള്ളി രാമചന്ദ്രൻ,

കെ.പി.സി.സി.പ്രസിഡന്റ്