തിരുവനന്തപുരം: ഫിലിപ്പൈൻസിലെ മനിലയിൽ നിന്ന് കഴിഞ്ഞ മാർച്ച് 19ന് നാട്ടിലേക്ക് വരാനിരുന്നതായിരുന്നു മെഡിക്കൽ വിദ്യാർത്ഥികളായ സായ സന്തോഷും ദർശനാരാജുവും അഞ്ജു രെഞ്ജുവും . അന്താരാഷ്ട്ര യാത്രാ വിലക്ക് വന്നതോടെ അന്യനാട്ടിൽ കുടുങ്ങിയ ഇവർ ഇപ്പോൾ സ്വന്തം നാട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് .ഇന്നലെ പുലർച്ചെയാണ് കൊച്ചിയിലെത്തിയത്. ഇനി രണ്ടാഴ്ച ക്വാറന്റൈൻ കഴിഞ്ഞ് വീട്ടിലേക്ക് മടക്കം. മനിലയിലെ യൂണിവേഴ്സിറ്റി ഒഫ് പെർപെച്ച്വൽ ഹെൽത്ത് സിസ്റ്റത്തിൽ പഠിക്കുന്ന ഇവർക്കൊപ്പം,. മറ്റ് നിരവധി വിദ്യാർത്ഥികളും മനിലയിൽ കുടുങ്ങിയിരുന്നു. പലരും അപ്പാർട്ട്മെന്റുകൾ വാടകയയ്ക്കെടുത്ത് നാലും അഞ്ചും പേരായിട്ടായിരുന്നു താമസം. തൃശൂരിൽ ഡോക്ടറായ സായയുടെ അച്ഛൻ സന്തോഷ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ വഴി വിദേശകാര്യ സഹമന്ത്രി വി.മുരളീധരനുമായി ബന്ധപ്പെട്ടു. യാത്രാ വിലക്ക് കഴിഞ്ഞാലുടൻ നാട്ടിലെത്തിക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകി. തങ്ങളെ നാട്ടിലെത്തിക്കാൻ സഹായിച്ച കേന്ദ്രമന്ത്രിയോട് സായയും കൂട്ടുകാരും നന്ദി പറഞ്ഞു. ഇപ്പോൾ ഓൺലൈൻ ക്ലാസുകളാണ് . റഗുലർ ക്ലാസുകൾ തുടങ്ങുന്നതോടെ മനിലയിലേക്ക് മടങ്ങും.