covid-19

തിരുവനന്തപുരം:തലസ്ഥാനത്ത് ഇന്നലെയും രണ്ട് പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ബുധനാഴ്ച കുവൈറ്റിൽ നിന്നെത്തിയ കൊച്ചുവേളി സ്വദേശിയായ 50 വയസുകാരനും ചൊവ്വാഴ്ച മുംബയിൽ നിന്നെത്തിയ പാറശാല സ്വദേശിയായ 40വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. പാറശാല സ്വദേശി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. നിലവിൽ രണ്ട് കൊല്ലം സ്വദേശികളുൾപ്പെടെ ഒൻപത് പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ 209 പേർ പുതുതായി നിരീക്ഷണത്തിലായി. 704 പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി. ആകെ 5,441പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇന്നലെ 18 പേരെ രോഗ ലക്ഷണങ്ങളുമായി വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. നാല് പേരെ ഡിസ്ചാർജ് ചെയ്തു.മെഡിക്കൽ കോളേജിൽ 32പേരും ജനറൽ ആശുപത്രിയിൽ 13 പേരും പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ നാല് പേരും എസ്.എ.ടി ആശുപത്രിയിൽ എട്ട് പേരും വിവിധ സ്വകാര്യ ആശുപത്രികളിൽ നാല് പേരും ഉൾപ്പെടെ 61 പേർ ആശുപത്രികളിൽ നിരീക്ഷണത്തിലുണ്ട്. 94 സാമ്പിളുകളാണ് പരിശോധനയ്ക്ക് ഇന്നലെ അയച്ചത്. ലഭിച്ച 87 പരിശോധനാഫലങ്ങൾ നെഗറ്റീവാണ്. വിവിധയിടങ്ങളിൽ നടന്ന വാഹന പരിശോധനയിൽ 15,092 പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി.

 ആകെ നിരീക്ഷണത്തിലുള്ളവർ - 5,441
 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ - 4,787
 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 61
 കോവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 593
 ഇന്നലെ പുതുതായി നിരീക്ഷണത്തിലായവർ - 209