തിരുവനന്തപുരം: നബാർഡിന്റെ പ്രത്യേക സഹായധനമായി 1,500 കോടി രൂപ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളിലൂടെ വായ്പയായി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു. കൃഷിക്ക് 800-900 കോടി രൂപ, മൃഗസംരക്ഷണ ക്ഷീരവികസന മേഖലകൾക്ക് 250-300 കോടി രൂപ, മത്സ്യ മേഖലയ്ക്ക് 125-150 കോടി രൂപ, വ്യവസായം (എം.എസ്.എം.ഇ ) 200-225 കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളത്. വായ്പകൾ ജൂൺ പകുതിയോടെ ഗുണഭോക്താക്കൾക്ക് ലഭ്യമാകും. ജില്ലാതലത്തിൽ വകുപ്പ് മേധാവികൾ, സഹകരണ ജോയിന്റ് രജിസ്ട്രാർ, കേരള ബാങ്ക് ജില്ലാതല ഉദ്യോഗസ്ഥൻ എന്നിവരുടെ സമിതി ഇതിന്റെ മേൽനോട്ടം വഹിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സ്‌കൂൾ യൂണിഫോം തയ്യാറാക്കുന്നതിനായി നെയ്ത്ത് തൊഴിലാളികൾക്ക് നബാർഡ് പുനർവായ്പാ പിന്തുണയോടെ മുൻകൂർ കൂലി നൽകുന്ന പദ്ധതിയിലും നബാർഡ് ചീഫ് ജനറൽ മാനേജർ അടക്കുമുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി.