തിരുവനന്തപുരം: സ്പ്രിൻക്ലർ കമ്പനിയുമായുള്ള എല്ലാ ഇടപാടുകളും സംസ്ഥാന സർക്കാർ റദ്ദാക്കണമെന്ന്
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ..സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ലക്ഷക്കണക്കിന് ആളുകളുടെ ആരോഗ്യ വിവരങ്ങൾ സ്പ്രിൻക്ലർ കമ്പനി ദുരുപയോഗം ചെയ്തുവെന്നത് ഉറപ്പായിരിക്കെ,പൂർണ്ണമായി സർക്കാർ കരാറിൽ നിന്ന് പിൻമാറിയിട്ടില്ലാത്തതും ദുരൂഹത വർദ്ധിപ്പിക്കുന്നു. . കഴിഞ്ഞ തവണ കോടതിയിൽ പറഞ്ഞത് ഡേറ്റ സുരക്ഷിതമാണെന്നാണ്. ഇപ്പോൾ പറയുന്നത് ഡേറ്റ നശിപ്പിച്ച് കളയാൻ കമ്പനിയോട് ആവശ്യപ്പെട്ടെന്നും. ഇതിലും ദുരൂഹതയുണ്ട്.
തനിക്ക് പി.ആർ കമ്പനിയുടെ സഹായം ആവശ്യമില്ലെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. എന്നാൽ, സർക്കാർ പി.ആർ ഏജൻസിയെ വച്ച് രാജ്യത്തിന് പുറത്ത് പ്രചാരണം നടത്തുന്നു. . കേരളത്തിൽ നിന്നുള്ള ഒരാളും, പശ്ചിമ ബംഗാളിലെ മറ്റൊരാളുമാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളിൽ കേരളത്തെക്കുറിച്ചുള്ള വാർത്തകൾ നൽകുന്നത്. ഇവർ തന്നെ അമേരിക്കയിലും യൂറോപ്പിലും ആഫ്രിക്കയിലും ലാറ്റിൻഅമേരിക്കയിലുമെല്ലാമുള്ള മാദ്ധ്യമങ്ങളിൽ കേരളത്തെ പുകഴ്ത്തി വാർത്തകളും ലേഖനങ്ങളും നൽകുന്നു. കഴിഞ്ഞ രണ്ട് മാസത്തിലധികമായി കേരളത്തിൽ കൊറോണയെ നേരിടുന്നതിനുള്ള പ്രവർത്തനങ്ങളെ പ്രശംസിച്ചാണ് ലേഖനങ്ങൾ ഒരേ തരത്തിൽ എല്ലാ പത്രങ്ങളിലും നൽകുന്നത്. സ്പ്രിൻക്ലർ കമ്പനിയുടെ ഡേറ്റാ വിവാദവുമായി ഇതിന് ബന്ധമുണ്ട്. പിആർ പ്രചാരണം പുറത്തായതോടെയാണ് സർക്കാർ സ്പ്രിൻക്ലർ വിഷയത്തിൽ മലക്കം മറിയുന്നത്- സുരേന്ദ്രൻ പറഞ്ഞു. .