pinarai

തിരുവനന്തപുരം: കേരളത്തിന്റെ അതിശക്തമായ എതിർപ്പ് അവഗണിച്ച് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറുന്ന നടപടിയുമായി കേന്ദ്രസർക്കാർ മുന്നോട്ട്. സ്വകാര്യവത്‌ക്കരണത്തിന് സ്റ്റേ ഇല്ലാത്തതിനാൽ തിരുവനന്തപുരം അടക്കം ആറ് വിമാനത്താവളങ്ങൾ സ്വകാര്യ കമ്പനികൾക്ക് കൈമാറാനുള്ള നടപടികൾ ഉടൻ പൂർത്തിയാക്കുമെന്ന് എയർപോർട്ട് അതോറിട്ടി ഒാഫ് ഇന്ത്യ ചെയർമാൻ അരവിന്ദ് സിംഗ് ഇന്നലെ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. കൊവിഡ് സാമ്പത്തിക പ്രതിസന്ധി നേരിടാൻ ഇത്തരം നടപടികൾ വേഗത്തിൽ നടപ്പാക്കണമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ്പുരിയും പറഞ്ഞു. സ്വകാര്യവത്കരണം റദ്ദാക്കണമെന്ന സംസ്ഥാന സർക്കാരിന്റെയും മറ്റും ഹർജികൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം ഹൈക്കോടതി അടുത്തയാഴ്‌ച വീണ്ടും വാദം കേൾക്കാനിരിക്കെയാണിത്. കൊവിഡ് പ്രതിസന്ധി മറികടക്കാൻ കേന്ദ്രം പ്രഖ്യാപിച്ച സ്വകാര്യവത്‌ക്കരണ നടപടികളിൽ വിമാനത്താവളങ്ങളുടെ കൈമാറ്റവും ഉൾപ്പെടുത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് ഇന്നലെ കേന്ദ്ര പ്രഖ്യാപനം വന്നത്.

സർക്കാർ ഭൂമിയിലുള്ള വിമാനത്താവളം സംരക്ഷിക്കാൻ സംസ്ഥാനം ശ്രമിക്കുമ്പോൾ, ഗൗതം അദാനിയുമായി കരാറൊപ്പിടാനുള്ള കേന്ദ്രത്തിന്റെ ശ്രമം നിയമയുദ്ധം നീളാൻ വഴിയൊരുക്കി. സംസ്ഥാന സർക്കാർ, കെ.എസ്.ഐ.ഡി.സി, മുൻ സ്പീക്കർ എം.വിജയകുമാർ, എയർപോർട്ട് അതോറിറ്റി എംപ്ളോയീസ് യൂണിയൻ എന്നിവരുടെ ഹർജികൾ, കേന്ദ്ര-സംസ്ഥാന തർക്കം ഹൈക്കോടതിയിലല്ല ചോദ്യം ചെയ്യേണ്ടതെന്നു വ്യക്തമാക്കി കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനെതിരായ അപ്പീലിലിലാണ് കേസിന്റെ മെരിറ്റ് പരിഗണിച്ച് ഹൈക്കോടതി വാദം കേൾക്കണമെന്ന് ഫെബ്രുവരിയിൽ സുപ്രീംകോടതി ഉത്തരവിട്ടത്.

അദാനിക്ക് കരാർ ഒപ്പിടാനായില്ല

വിമാനത്താവളത്തിനായുള്ള ലേലത്തിൽ വിജയിച്ചെങ്കിലും സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ കേസ് കൊടുത്തതിനാൽ അദാനിക്ക് കരാറൊപ്പിടാനായിട്ടില്ല. കേസിൽ അന്തിമവിധി വരെ വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന ഇടക്കാല ഉത്തരവുമുണ്ടായിരുന്നു. വിമാനത്താവളം ഏറ്റെടുക്കാൻ 'അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്' എന്ന കമ്പനി രൂപീകരിച്ചിട്ടുണ്ട്. 1600കോടി രൂപയും അദാനി നീക്കിവച്ചിട്ടുണ്ട്.

കരാർ ഇങ്ങനെ

1)വിമാനത്താവള നടത്തിപ്പ് 50 വർഷത്തേക്ക്

2)സുരക്ഷ, കസ്റ്റംസ് സർക്കാർ ഏജൻസികൾക്ക് മേൽനോട്ടം

3)അദാനി പണം മുടക്കണം. സംസ്ഥാനം ഭൂമി നൽകണം

സർക്കാ‌രിന്റെ നിലപാട്

1)സർക്കാർ ഭൂമിയിലുള്ള വിമാനത്താവളം സർക്കാരിന്റേത്

2)വ്യോമയാന പരിചയമില്ലാത്ത അദാനിക്ക് കൈമാറരുത്

3)സർക്കാരിന്റെ അനുമതിയില്ലാതെ ഭൂമിയിൽ അദാനിക്ക് വികസനം പറ്റില്ല

4)ലേലം റദ്ദാക്കി വിമാനത്താവളം നടത്തിപ്പ് സർക്കാരിന് നൽകണം

5) അല്ലെങ്കിൽ എയർപോർട്ട് അതോറിട്ടിയുടെ നടത്തിപ്പ് തുടരണം

170കോടി

ലാഭത്തിലായിരുന്നു 2019ൽ വിമാനത്താവളം

73 കോടി

ലാഭമേ സ്വകാര്യവത്കരിച്ചാൽ ഉണ്ടാകൂവെന്ന് സർക്കാർ

''വിമാനത്താവളം സർക്കാരിന്റെ കൈയിലാരിക്കും. ആർക്കും കൊണ്ടുപോകാനാവില്ല''

-പിണറായി വിജയൻ, മുഖ്യമന്ത്രി