sreecitra
ശ്രീചിത്രയുടെ ആർ.എൻ.എ വേർതിരിക്കൽ കിറ്റ് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് പൈക്ക് നൽകി ആദ്യവിൽപന നിർഹിക്കുന്നു. ഡോ.ആശാകിഷോർ സമീപം.

തിരുവനന്തപുരം : കൊവിഡ് പരിശോധനയ്ക്കായി കാന്തിക സൂക്ഷ്മ കണങ്ങൾ അടിസ്ഥാനമാക്കി ആർ.എൻ.എ വേർതിരിക്കുന്നതിന് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച അഗാപ്പെ ചിത്ര മാഗ്‌ന കിറ്റ് വിപണിയിലിറക്കി.

ഇതിൻെറ ഔദ്യോഗിക പ്രഖ്യാപനം നീതി ആയോഗ് അംഗവും ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റുമായ ഡോ. വി.കെ.സരസ്വത് നിർവഹിച്ചു. കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ പുറത്തിറക്കുന്നത് കൊവിഡ് പരിശോധനയിൽ രാജ്യം സ്വയംപര്യാപ്തത കൈവരിക്കുന്നതിലെ പ്രധാന ചുവടുവയ്പ്പാണെന്നും, ഇതിലൂടെ പരിശോധനയുടെ എണ്ണം വർദ്ധിപ്പിക്കാനും ചെലവ് കുറയ്ക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീചിത്രയും അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സും സംയുക്തമായി ശ്രീചിത്രയിലെ ബയോമെഡിക്കൽ വിഭാഗത്തിലാണ്വീഡിയോ കോൺഫറൻസ് വഴി ചടങ്ങ് സംഘടിപ്പിച്ചത്.അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടർ തോമസ് ജോൺ ആദ്യകിറ്റ് കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് മെഡിക്കൽ സൂപ്രണ്ട് ഡോ. രാജേഷ് പൈക്ക് നൽകി വിൽപന നിർവഹിച്ചു.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ. അശുതോഷ് ശർമ്മ, ശ്രീചിത്ര ഡയറക്ടർ ഡോ. ആശാ കിഷോർ, ബയോമെഡിക്കൽ വിഭാഗം മേധാവി ഡോ.എച്ച്.കെ.വർമ്മ തുടങ്ങിയവർ പങ്കെടുത്തു.

കിറ്റിൻെറ വില 150 രൂപ

കൊച്ചി ആസ്ഥാനമായ അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സാണ് ശ്രീചിത്രയുടെ കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നത്. 150 രൂപയാണ് വില. പ്രതിമാസം മൂന്നു ലക്ഷം കിറ്റുകൾ ഉത്പാദിപ്പിക്കാനുള്ള ശേഷി അഗാപ്പെയ്ക്കുണ്ട്.

ഡോ.അനൂപ്കുമാർ തെക്കുവീട്ടിലിന്റെ നേതൃത്വത്തിൽ ശ്രീചിത്ര വികസിപ്പിച്ചെടുത്ത കിറ്റിൻെറ സാങ്കേതികവിദ്യ കഴിഞ്ഞ മാസമാണ് അഗാപ്പെ ഡയഗ്‌നോസ്റ്റിക്‌സിന് കൈമാറിയത്. തുടർന്ന് നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച് അംഗീകാരം വാങ്ങിയ ശേഷമാണ് കിറ്റ് വാണിജ്യാടിസ്ഥാനത്തിൽ നിർമ്മിച്ച് വിപണിയിലെത്തിക്കുന്നതിന് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അനുമതി നൽകിയത്. കൊവിഡ് കണ്ടെത്തുന്നതിനുള്ള ആർ.ടി.പി.സി.ആർ പരിശോധനകൾക്കായി ആർ.എൻ.എ വേർതിരിക്കുന്നതിനും മറ്റ് ഐസോതെർമ്മൽ പി.സി.ആർ പരിശോധനകൾക്കും ഈ കിറ്റ് ഉപയോഗിക്കാം.