jobai

കുഴിത്തുറ:യുവാവ് കൊല്ലപ്പെട്ട കേസിൽ ഭാര്യയെയും ഭാര്യയുടെ അച്ഛനെയും ജ്യേഷ്ഠനെയും പൊലീസ് അറസ്റ്റ് ചെയ്തു. ചെന്നൈ ആർ.കെ നഗർ സ്വദേശി കാർകി (35) കൊല്ലപ്പെട്ട കേസിൽ കന്യാകുമാരി നിദ്രവിള തുത്തൂർ പുനിത തോമസ് നഗർ സ്വദേശിനിയായ ഭാര്യ ജാഫ്ലിൻ (30), ഭാര്യയുടെ അച്ഛൻ ജോബായ് (66), ചേട്ടൻ ജസ്റ്റസ് (36) എന്നിവരാണ് അറസ്റ്റിലായത്.

ജാഫ്ലിൻ ചെന്നൈയിലെ കോളേജിൽ പഠിക്കുമ്പോഴാണ് പ്രേമിച്ച് കാർകിയെ വിവാഹം കഴിച്ചത്. തുടർന്ന് തുത്തൂരിലെ ഭാര്യാ വീട്ടിൽ താമസിച്ചു. ഇവർക്ക് രണ്ട് കുട്ടികളുമുണ്ട്. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: കാർകി നാട്ടിൽ വന്നതു മുതൽ സ്ഥിരമായി മദ്യപിച്ച് ഭാര്യയുമായി വഴക്ക് ഉണ്ടാക്കുമായിരുന്നു. സ്ഥിരം ഫോണിൽ വേറെ സ്ത്രീകളുമായി ബന്ധപ്പെടുകയുംചെയ്തു. കഴിഞ്ഞ 19 ന് ഇതിനെച്ചൊല്ലി ഇവർതമ്മിൽ വഴക്കുണ്ടാകുകയും ജാഫ്ലിൻ അച്ഛനെയും ചേട്ടനെയും വീട്ടിൽ വരുത്തുകയും ചെയ്തു. ഭർത്താവിന് വേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഫോൺ പരിശോധിച്ചാൽ ആരെന്ന് അറിയാൻ സാധിക്കുമെന്നും പറഞ്ഞു. ഫോൺ ചോദിച്ചിട്ട് കൊടുക്കാതെ വന്നപ്പോൾ മൂന്നു പേരും ചേർന്ന് കാർകിയെ കെട്ടിയിട്ട് മർദിക്കുകയായിരുന്നു. കാർകി സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു. മൂന്നു പേരും ചേർന്ന് കാർകിയെ വീട്ടിൽ കെട്ടിത്തൂക്കിയ ശേഷം കുടുംബപ്രശ്നം കാരണം തന്റെ ഭർത്താവ് ആത്മഹത്യ ചെയ്തതായി പ്രദേശവാസികളെ ധരിപ്പിച്ചു. ശരീരത്തിൽ മർദ്ദനമേറ്റ മുറിവുകൾ കണ്ട് സംശയം തോന്നിയ പൊലീസ് ജാഫ്ലിൻ,ജോബായ്,ജസ്റ്റസ് എന്നിവരെ ചോദ്യം ചെയ്തപ്പോൾ പ്രതികൾ കുറ്റസമ്മതം നടത്തുകയായിരുന്നു.