train

തിരുവനന്തപുരം: തലസ്ഥാനത്ത് നിന്ന് രാവിലെ 5.55 ന് കോഴിക്കോട്ടേയ്ക്കും, ഉച്ചയ്ക്ക് 2.45 ന് കണ്ണൂരിലേക്കുമുള്ള ജനശതാബ്ദി ഉൾപ്പെടെ സംസ്ഥാനത്തെ അഞ്ച് ട്രെയിൻ സർവ്വീസുകൾ ജൂൺ ഒന്നിന് ആരംഭിക്കും. സ്പെഷ്യൽ സർവ്വീസായി ജൂൺ മുപ്പത് വരെയാണിത് . നമ്പറിൽ ആദ്യ അക്കം ഒന്നിന് പകരം പൂജ്യമായിരിക്കും. തിരുവനന്തപുരം - കോഴിക്കോട് ജനശതാബ്ദി നമ്പർ നേരത്തേ 12076. ഇപ്പോൾ 02076.ടിക്കറ്റ് ബുക്കിംഗ് ഇന്നലെ ആരംഭിച്ചു. തിരുവനന്തപുരത്ത് നിന്നുള്ള നേത്രാവതി, കൊച്ചിയിൽ നിന്നുള്ള മംഗള, പ്രതിവാര എക്സ് പ്രസായ എറണാകുളം - നിസാമുദ്ദീൻ തുരന്തോ എന്നിവയാണ് ആരംഭിക്കുന്ന മറ്റ് സർവീസുകൾ. ടിക്കറ്റ് ബുക്കിംഗ് ജൂൺ 30 വരെയുള്ള യാത്രകൾക്കാണ്. ഐ.ആർ.ടി. സി.യുടെ വെബ്സൈറ്റ്, മൊബൈൽ ആപ്പ് എന്നിവയിലൂടെ ഒാൺലൈനായി മാത്രമേ ടിക്കറ്റ് ലഭിക്കൂ. ജൂൺ 30ന് ശേഷം സ്ഥിതിഗതികൾ വിലയിരുത്തി റെഗുലർ സർവ്വീസിന്റെ കാര്യത്തിൽ തീരുമാനമെടുക്കും.

യാത്രക്കാർ ട്രെയിൻ പുറപ്പെടുന്നതിന് 90 മിനിറ്റ് മുമ്പ് സ്റ്റേഷനിലെത്തണം. മാസ്ക് ധരിച്ചിരിക്കണം. ഭക്ഷണം കരുതണം. പാക്ക് ചെയ്ത കുപ്പിവെള്ളം മാത്രമാണ് ട്രെയിനിൽ നിന്ന് കിട്ടുക.ടിക്കറ്റ് ബുക്ക് ചെയ്താലും യാത്ര പുറപ്പെടുന്ന സമയത്ത് രോഗലക്ഷണമുണ്ടെങ്കിൽ ട്രെയിനിൽ കയറ്റില്ല. ടിക്കറ്റ് ഉള്ളവരെ മാത്രമേ പ്ളാറ്റ് ഫോമിൽ കയറ്റൂ. തെർമ്മൽ സ്കാനിംഗ് ഉൾപ്പെടെയുള്ള ആരോഗ്യപരിശോധനകളുണ്ടാവും..