sprinklr-

തിരുവനന്തപുരം: കൊവിഡ് രോഗികളുടെ വിവരശേഖരണവും വിശകലനവും നടത്തുക സി-ഡിറ്റായിരിക്കുമെന്ന് ഹൈക്കോടതിയിൽ വ്യക്തമാക്കിയതിലൂടെ ,സ്പ്രിൻക്ലർ കരാർ വിവാദം സൃഷ്ടിച്ച പ്രത്യയശാസ്ത്ര സമസ്യയിൽ നിന്ന് സർക്കാരും ഇടതുമുന്നണിയും തൽക്കാലം കര കയറുകയാണ്. അതേസമയം,

സർക്കാരിന്റെ പിന്മാറ്റം തങ്ങളുടെ രാഷ്ട്രീയവിജയമായി വ്യാഖ്യാനിക്കുകയാണ് പ്രതിപക്ഷം. കൊവിഡ് പ്രതിരോധത്തിന്റെ തിളക്കത്തിൽ നിന്ന പിണറായി സർക്കാരിനെ, സ്പ്രിൻക്ലർ ഡാറ്റാ ചോരണ വിവാദം ഉയർത്തി, ഒരു വേള പ്രതിരോധത്തിലേക്ക് തള്ളിവിട്ടത് പ്രതിപക്ഷമാണ്.

വ്യക്തികളുടെ സ്വകാര്യതയും വിവരസുരക്ഷയും പരമപ്രധാനമെന്ന നിലപാട് അഖിലേന്ത്യാതലത്തിൽ ഇടതുപക്ഷം സ്വീകരിക്കുമ്പോൾ, കേരളത്തിൽ കൊവിഡ് പ്രതിരോധരംഗത്ത് അമേരിക്കൻ കമ്പനിയുമായുള്ള ഇടതുസർക്കാരിന്റെ ഇടപാട് ചോദ്യചിഹ്നമുയർത്തിയിരുന്നു. അസാധാരണ കാലത്തെ അസാധാരണ നടപടിയെന്ന് വിശദീകരിച്ചാണ് സി.പി.എം ഇതിന് പ്രതിരോധം ചമച്ചത്. സാമ്പത്തിക ബാദ്ധ്യതയില്ലാത്ത

കരാറായതിനാൽ, സർക്കാരിന്റെ ഉദ്ദേശ്യശുദ്ധിയെ മാനിച്ചാണ് കരാർ റദ്ദാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കാതിരുന്നത്. അത് സർക്കാരിന് വലിയ ആശ്വാസമായിരുന്നു.

കോടതി വിധി സർക്കാർ നിലപാടിന് അംഗീകാരമാണെന്നും ഡാറ്റാ സുരക്ഷ ഉറപ്പാക്കുമെന്നുമാണ് മുഖ്യമന്ത്രി പിന്നീടും ആവർത്തിച്ചുകൊണ്ടിരുന്നത്. വിവാദങ്ങൾ ആറിത്തണുത്ത ശേഷമാണ് സർക്കാർ കോടതിയിൽ പിന്മാറ്റനിലപാട് അറിയിച്ചിരിക്കുന്നത് . കൊവിഡ് പ്രതിരോധത്തിൽ തിളക്കമാർന്ന മുന്നേറ്റം സംസ്ഥാനസർക്കാർ കാഴ്ച വച്ചുവെന്ന പ്രതീതി ആഗോളതലത്തിൽ സൃഷ്ടിക്കപ്പെട്ടിരിക്കെ, ഒരു വിവാദത്തിലൂടെ തിളക്കം മായ്ച്ചുകളയാൻ ഇടതുനേതൃത്വം ആഗ്രഹിക്കുന്നില്ല.

സ്പ്രിൻക്ലർ വിവാദം രൂക്ഷമായിരിക്കെ, സംസ്ഥാന സെക്രട്ടേറിയറ്റ് ചേരുന്നതിന് മുമ്പുതന്നെ സി.പി.എം നേതൃത്വം പ്രതിസന്ധി പരിഹരിക്കാനുള്ള ഇടപെടൽ നടത്തിയതാണ്. കരാറിൽ നിന്ന് പിന്മാറുമെന്ന സൂചന അന്ന് തന്നെയുണ്ടായിരുന്നു. പിന്നാലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം വിലയിരുത്തിയത്, കൊവിഡ് ഭീഷണി നേരിടാൻ അസാധാരണ സാഹചര്യത്തിൽ കൈക്കൊള്ളേണ്ടി വന്ന തീരുമാനമെന്നാണ്. സാധാരണനില പുന:സ്ഥാപിച്ചാൽ എല്ലാ നടപടികളും പരിശോധിച്ച് അനുഭവങ്ങൾ സ്വാംശീകരിക്കുകയും, ഭാവി പ്രവർത്തനങ്ങൾക്ക് പാഠമുൾക്കൊള്ളുകയും ചെയ്യുമെന്നും സി.പി.എം വ്യക്തമാക്കിയിരുന്നു.