തിരുവനന്തപുരം: സംസ്ഥാനത്ത് 26 മുതൽ എസ്.എസ്.എൽ.സി, ഹയർസെക്കൻഡറി, വി.എച്ച്.എസ്.സി പരീക്ഷകളുടെ നടത്തിപ്പിനായുള്ള മാർഗനിർദ്ദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കി. കർശന നിയന്ത്രണങ്ങൾ പാലിച്ചായിരിക്കും പരീക്ഷ. 25ന് മുൻപായി സ്കൂളും പരിസരവും അണുവിമുക്തമാക്കണം. പരീക്ഷാദിവസങ്ങളിൽ രാവിലെയും ഉച്ചയ്ക്കും ഫർണിച്ചർ അണുവിമുക്തമാക്കണം. കണ്ടെയ്ൻമെന്റ് സോണുകളിൽ പരീക്ഷാകേന്ദ്രങ്ങൾ ഉണ്ടാകില്ല.
വിദ്യാർത്ഥികൾക്ക് ഗതാഗതസൗകര്യം ക്ലാസ് ടീച്ചർമാരുടെ സഹായത്തോടെ പ്രഥമാദ്ധ്യാപർ ഉറപ്പുവരുത്തണം. സമീപത്തുള്ള വിദ്യാലയങ്ങളുടെ ബസുകളും ഉപയോഗിക്കാം. വാഹനങ്ങൾ വാടകയ്ക്കെടുത്തും വിദ്യാർത്ഥികളെ സ്കൂളുകളിലെത്തിക്കാം.
കൊവിഡ് കെയർ സെന്ററുകളായോ അഗതികളെ പാർപ്പിക്കുന്ന കേന്ദ്രങ്ങളായോ പ്രവർത്തിക്കുന്ന സ്കൂളുകൾ ആർ.ഡി.ഡി/ ഡി.ഡി.ഇ, എ.ഡി എന്നിവർ ജില്ലാ കളക്ടർമാർക്ക് അപേക്ഷ നൽകി പരീക്ഷയ്ക്കായി സജ്ജമാക്കണം. വിദ്യാലയം വിട്ടുകിട്ടുന്നില്ലെങ്കിൽ മറ്റ് സ്കൂളുകൾ കണ്ടെത്തി വിദ്യാർത്ഥികളെ വിവരമറിയിക്കണം. പരീക്ഷാ കേന്ദ്രമാറ്റത്തിനായി അപേക്ഷിച്ചിരിക്കുന്നവരുടെ കണക്ക് ചീഫ് സൂപ്രണ്ടുമാർക്ക് ലഭ്യമാകുന്ന മുറയ്ക്ക് വേണ്ട സൗകര്യങ്ങളൊരുക്കേണ്ടതാണ്. അധികം വേണ്ട ചോദ്യപേപ്പറുകളില്ലെങ്കിൽ ബന്ധപ്പെട്ടവർ പരീക്ഷാ സെക്രട്ടറിമാരെ വിവരമറിയിക്കണം. പരീക്ഷ നടത്താൻ വിദ്യാലയങ്ങൾ സജ്ജമാണെന്ന് ഉറപ്പുവരുത്തി ഡി.ഡി.ഇമാർ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണമെന്നും ഉത്തരവിൽ പറയുന്നു.
പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് വീണ്ടും അവസരം നൽകുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.
വിദ്യാർത്ഥികൾക്ക് പ്രവേശനം സ്കൂളിന്റെ പ്രധാന കവാടത്തിലൂടെ മാത്രം. കവാടത്തിൽ വിദ്യാർത്ഥികൾക്ക് സാനിറ്റൈസർ നൽകുന്നതിനായി ജീവനക്കാരെ നിയോഗിക്കണം.
ഒരു ക്ലാസ് മുറിയിൽ പരാമാവധി 20 പേർ മാത്രം.
മാസ്കുകൾ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. കുട്ടികളെ കൂട്ടം കൂടാൻ അനുവദിക്കരുത്.