തിരുവനന്തപുരം: മദ്യവില്പനയ്ക്ക് വെർച്വൽ ക്യൂ സംവിധാനം ഒരുക്കാൻ സജ്ജമാക്കിയ ആപ്പിലെ സുരക്ഷാ മാനദണ്ഡങ്ങൾക്ക് ഗൂഗിൾ പ്ളേ സ്റ്റോറിന്റെയും ആപ്പ് സ്റ്റോറിന്റെയും അനുമതി ലഭിക്കാത്തതിനാൽ പദ്ധതി വൈകുന്നു. ബിവറേജസ് കോർപ്പറേഷനുവേണ്ടിയുള്ളതാണെങ്കിലും സുരക്ഷാ അംഗീകാരം ലഭ്യമാക്കേണ്ടത് സോഫ്ട് വെയർ വികസിപ്പിച്ച കമ്പനിയാണ്. നിർമ്മാതാക്കളായ ഫെയർകോഡ് തിങ്കളാഴ്ചയാണ് ഇതിനായി ഗൂഗിൾപ്ളേ, ഐ.ഒ.എസ്. സ്റ്റോറുകളിൽ ആപ്പ് സമർപ്പിച്ചത്.
ചില സുരക്ഷാ മാനദണ്ഡങ്ങൾ നിർദ്ദേശിച്ച് ഗൂഗിൾ മടക്കുകയായിരുന്നു. അവ പരിഹരിച്ച് വീണ്ടും സമർപ്പിച്ചിട്ടുണ്ട്. ഗൂഗിളിനെക്കാൾ കടുത്ത സുരക്ഷാ കടമ്പകളാണ് ആപ്പ് സ്റ്റോറിലുള്ളത്. ആപ്പിന്റെ കോഡുകൾ അടക്കം ഇഴകീറി പരിശോധിക്കും. ഹാക്കാർമാരുടെ ആക്രമണത്തിന് ഇരയാകുമോയെന്നതാണ് പ്രധാനമായും പരിശോധിക്കുക. ഗൂഗിൾ പ്ളേ സ്റ്റോറിൽ പരിശോധനയ്ക്ക് ഏഴു ദിവസം വരെ എടുക്കും. ആപ്പ് സ്റ്റോറിൽ 12 ദിവസം വരെയും വേണ്ടിവരും. അതേസമയം, ട്രയൽ റൺ വിജയകരമെന്ന് കമ്പനി ബെവ്കോയെ അറിയിച്ചിട്ടില്ല. ലോഡ് ടെസ്റ്റ് അടക്കമുള്ളവ പൂർത്തിയാക്കിയെന്നും 25 ലക്ഷം പേർ ഒന്നിച്ച് ബുക്ക് ചെയ്താലും പ്രശ്‌നമില്ലെന്നും കമ്പനി പറയുന്നു.