3
റേഷൻ കാർഡ്

തിരുവനന്തപുരം : റേഷൻ കാർഡില്ലെന്ന കാരണത്താൽ ലൈഫ് ഭവന പദ്ധതിയിൽ നിന്ന് ഒഴിവാക്കപ്പെട്ട അർഹതയുള്ള ഗുണഭോക്താക്കളെ ഉൾപ്പെടുത്തി പട്ടിക പുതുക്കാൻ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മിഷന്റെ യോഗം തീരുമാനിച്ചു.

ഈവർഷം മാർച്ച് 31വരെ പുതുതായി റേഷൻ കാർഡ് ലഭിച്ചവരെയാവും ഉൾപ്പെടുത്തുക. .ഇതിനായി 2017ൽ കുടുംബശ്രീ മുഖേന നടത്തിയ സർവേയിൽ ഉൾപ്പെടാതെ പോയ അർഹരായ ഗുണഭോക്താക്കളെ കണ്ടെത്തുന്നതിനുള്ള മാർഗരേഖക്ക് യോഗം അംഗീകാരം നൽകി. ഭവന സമുച്ചയങ്ങളുടെ നിർമ്മാണത്തിന് 500 കോടി കൂടി വായ്പയെടുക്കാനും തീരുമാനിച്ചു.
ഭവന സമുച്ചയ നിർമ്മാണം, ഭവന നിർമ്മാണത്തിന് ഭൂമി ലഭ്യമാക്കി ഭവന സമുച്ചയം / ഭവനങ്ങൾ സ്വന്തമായോ പാർട്ട്ണർഷിപ്പ് , സ്‌പോൺസർഷിപ്പ് വ്യവസ്ഥയിലോ നിർമ്മാണം എന്നിവയ്ക്ക് തദ്ദേശ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള മാർഗരേഖയ്ക്കും അംഗീകാരം നൽകി.പട്ടികജാതി, പട്ടിക വർഗ, മത്സ്യത്തൊഴിലാളി വിഭാഗത്തിൽപ്പെട്ട ഭൂമിയുള്ളതും ഇല്ലാത്തതുമായ ഗുണഭോക്താക്കളുടെ പട്ടിക , അർഹതാ പരിശോധന നടത്തി ജൂൺ 15നകം അന്തിമമാക്കും.

ഭൂമിയില്ലാത്ത ഭവന രഹിതരുടെ പുനരധിവാസത്തിനായി നിർമ്മാണം ആരംഭിച്ചതും ആരംഭിക്കാനിരിക്കുന്നതുമായ എല്ലാ പദ്ധതികളും 2021 ഫെബ്രുവരിക്ക് മുമ്പ് പൂർത്തീകരിക്കണമെന്ന് യോഗത്തിൽ മുഖ്യമന്ത്രി നിർദ്ദേശിച്ചു. വിദൂര സങ്കേതങ്ങളിൽ താമസിക്കുന്ന പട്ടികവർഗത്തിൽപ്പെട്ട ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്താക്കൾക്ക് സംസ്ഥാന വിഹിതമായി മൂന്ന് ലക്ഷം രൂപ സോഫ്റ്റ് വെയർ മുഖേന നൽകും.