shanavas

കുളത്തൂർ: വിദ്യാഭ്യാസത്തോടൊപ്പം ഒരു മികച്ച ഫുട്ബാളർ ആകണമെന്ന സ്വപ്നം ബാക്കിയാക്കിയാണ് ഷഹനാസ് മടങ്ങിയത്. ആക്കുളം എം ജി.എം സ്‌കൂളിലെ ഫുട്ബാൾ ടീമിലെ പ്രധാന കളിക്കാരനായിരുന്ന ഷഹനാസ് നിരവധി പുരസ്‌കാരങ്ങളും സ്‌കൂളിന് നേടിക്കൊടുത്തിട്ടുണ്ട്. യാത്രപോലും പറയാതെ അകാലത്തിൽ തങ്ങളെ വിട്ടുപോയ പ്രിയ കൂട്ടുകാരനുണ്ടായ ദുരന്തം ഇനിയും വിശ്വസിക്കാൻ കൂട്ടുകാർക്കായിട്ടില്ല. വൈകുന്നേരങ്ങളിൽ കൂട്ടുകാരോടൊപ്പം വീടിനു സമീപത്തെ മൈതാനത്തിൽ ഒപ്പം കളിക്കുന്നവർക്ക് ഇനി ഷഹനാസിന്റെ ഓർമ്മകൾ മാത്രമാവും ഉണ്ടാവുക. കുളത്തൂർ പൗണ്ടുകടവ് പുളിമുട്ടത്ത് ഷഹനാസ് മൻസിലിൽ കൂലിപ്പണിക്കാരനായ സുൽഫിക്കറിന്റെയും ഷർമ്മിയുടെയും ഏക ആശ്രയമായിരുന്നു ഇന്നലെ വാമനപുരം നദിയിൽ പൊലിഞ്ഞത്. ഏറെ നാൾ കൂലിപ്പണി ചെയ്ത് കുടുംബം പോറ്റിയിരുന്ന സുൽഫിക്കർ, പണികൾ കുറവായതും ആരോഗ്യ പ്രശ്നങ്ങളും കാരണം വി.എസ്.എസ്.സി.യിൽ കരാർ തൊഴിലാളിയായി ക്ലീനിംഗ് ചെയ്ത് കിട്ടുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നതിന് തലേന്നു തന്നെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞിരുന്നു. പരീക്ഷയ്ക്കു ശേഷം കാരേറ്റ് കരുവള്ളിയാടുള്ള മാതൃ സഹോദരിയുടെ മകളുടെ വീട്ടിൽ പോകാനിരുന്നതായിരുന്നു. ലോക്ക് ഡൗൺ കാരണം മുടങ്ങിയ യാത്ര നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. അത് അന്ത്യയാത്രയായി മാറുകയായിരുന്നു. നദിക്കരയിലെ പാറപ്പുറത്തു നിന്ന് സെൽഫിയെടുക്കവേ കാൽവഴുതി വെള്ളത്തിൽ വീണ അനുജൻ ഷബാസിനെ രക്ഷിക്കുന്നതിനിടെയാണ് ഷഹനാസ് ആഴത്തിൽ മുങ്ങിത്താണത്. എല്ലാവരോടും മുതിർന്ന വ്യക്തിയെപ്പോലെ പക്വതയോടെ ഇടപഴകിയതിനാൽ ഏവർക്കും ഏറെ പ്രിയപ്പെട്ടവനായിരുന്നു അവൻ. പ്ലേ സ്‌കൂൾ മുതൽ പത്താം ക്ലാസ് വരെ സ്‌കൂളിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടെ എല്ലാ പരിപാടികളിലും ഷഹനാസിന്റെ കൈയൊപ്പ് പതിഞ്ഞിരുന്നതായി എം.ജി.എം സ്‌കൂൾ പ്രിൻസിപ്പൽ പറഞ്ഞു. നന്നായി എഴുതിയ പരീക്ഷാഫലം പോലും വരുന്നത് കാത്തുനിൽക്കാതെ അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ വിയോഗത്തിൽ വിറങ്ങലിച്ചു നിൽക്കുകയാണ് സഹപാഠികൾ.