ടോക്കിയോ ഒളിമ്പിക്സ് 2021 ൽ നടന്നില്ലെങ്കിൽ ഉപേക്ഷിക്കുമെന്ന് ഐ.ഒ.സി തലവൻ തോമസ് ബാച്ച്
സൂറിച്ച് : കൊവിഡിന്റെ പശ്ചാത്തലത്തിൽ ഒരുവർഷത്തേക്ക് നീട്ടിവച്ചിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സ് 2021 ലും നടന്നില്ലെങ്കിൽ ഉപേക്ഷിക്കേണ്ടിവരുമെന്ന് ഇന്റർ നാഷണൽ ഒളിമ്പിക് കമ്മിറ്റി തലവൻ തോമസ് ബാച്ച് പറഞ്ഞു. രോഗത്തിന് ശമനമുണ്ടായില്ലെങ്കിൽ അടുത്തവർഷവും ഒളിമ്പിക്സ് നടത്തുക പ്രയാസമായിരിക്കുമെന്ന ജാപ്പനീസ് പ്രധാനമന്ത്രി ഷിൻഡോ ആബേയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു ബാച്ച്.
ഇൗവർഷം ജൂലായ് 24 മുതൽ ആഗസ്റ്റ് 9 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഒളിമ്പിക്സ് അതിഥേയരായ ജപ്പാന്റെയും ഒട്ടുമിക്ക അന്താരാഷ്ട്ര കായിക സംഘടനകളുടെയും സമ്മർദ്ദത്തിന് വഴങ്ങിയാണ് ഒരുവർഷത്തേക്ക് നീട്ടിവയ്ക്കാൻ മാർച്ച് അവസാനത്തോടെ ഇന്റർനാഷണ ഒളിമ്പിക് കമ്മിറ്റി തീരുമാനിച്ചത്. കഴിഞ്ഞ ഫെബ്രുവരി മുതൽ ഒളിമ്പിക്സ് മാറ്റിവയ്ക്കണമെന്ന് ജപ്പാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഐ.ഒ.സി വഴങ്ങിയിരുന്നില്ല. എന്നാൽ കൊവിഡ് ചൈനയും ജപ്പാനും കടന്ന് യൂറോപ്പിനെകൂടി വിറപ്പിക്കാൻ തുടങ്ങിയപ്പോഴാണ് നിലപാടിൽ മാറ്റം വരുത്താൻ തോമസ് ബാച്ച് തയ്യാറായത്. തുടർന്നാണ് 2021 ജൂലായ് 23 മുതൽ ആഗസ്റ്റ് എട്ടുവരെ നടത്താൻ തീരുമാനിച്ചത്.
എന്നാൽ 2021 ലും ഗെയിംസ് നടത്തുക അത്ര എളുപ്പമല്ല എന്ന രീതിയിലുള്ള പ്രസ്താവനകൾ ജപ്പാനിൽ നിന്ന് വീണ്ടും ഉയർന്നതോടെയാണ് തോമസ് ബാച്ച് കർക്കശ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്. ഇനിയൊരു മാറ്റിവയ്ക്കൽ പ്രായോഗികമായി നടപ്പുള്ള കാര്യമല്ലെന്നാണ് ബാച്ച് പറയുന്നത്. ഒളിമ്പിക്സ് ഒരുവർഷത്തേക്ക് നീട്ടിയതുമൂലം അന്താരാഷ്ട്ര കായിക കലണ്ടർ മുഴുവൻ റീഷെഡ്യൂൾ ചെയ്യേണ്ടിവന്നുവെന്ന് ചൂണ്ടിക്കാട്ടിയ ബാച്ച് ഇനിയും ലോകത്തെ മുഴുവൻ കായിക ഇനങ്ങളും ഒളിമ്പിക്സിന്റെ പേരിൽ മാറ്റാനാവില്ലെന്ന് മുന്നറിയിപ്പും നൽകി. അയ്യായിരത്തോളം പേരടങ്ങിയ സംഘാടക സമിതിയെ അനിശ്ചിതകാലമായി നിലനിറുത്തുകയും പ്രയാസമാണ്.
ഒളിമ്പിക്സിന് പങ്കെടുക്കാനുള്ള കായിക താരങ്ങളെ ക്വാറന്റൈനിൽ താമസിപ്പിക്കുന്നതടക്കമുള്ള പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ ഐ.ഒ.സി തയ്യാറാണെന്നും 2021 ജൂലായിലെ ലോകത്തിന്റെ സ്ഥിതിയെക്കുറിച്ച് ധാരണ വരുമ്പോൾ വേണ്ട നടപടി സ്വീകരിക്കുമെന്നും ബാച്ച് പറഞ്ഞു.
തുറന്നുപറയട്ടെ, ഇനിയൊരു മാറ്റിവയ്ക്കൽ ഇല്ല. അങ്ങനെ വന്നാൽ ഉപേക്ഷിക്കലേ വഴിയുള്ളൂ. പത്തയ്യായിരം പേരെ സംഘാടക സമിതിയെന്ന് പറഞ്ഞ് വർഷങ്ങളോളം നിലനിറുത്താനാകുമോ? ഒളിമ്പിക്സിന്റെ പേരിൽ മറ്റ് എല്ലാ കായിക ഇനങ്ങളെയും വർഷാവർഷം റീഷെഡ്യൂൾ ചെയ്യാൻ പറ്റുമോ? എന്ന് ഒളിമ്പിക്സ് നടക്കുമെന്നറിയാതെ അത്‌ലറ്റുകളെ ആശങ്കയിലാക്കാനാകുമോ? അടുത്തകൊല്ലത്തെ സ്ഥിതി എന്താകുമെന്ന് ഇപ്പോൾ പറയാനാവില്ല. ഏതായാലും വേണ്ടത്ര മുൻ കരുതലുകൾ സ്വീകരിച്ച് ഗെയിംസ് നടത്താൻ നോക്കും. കഴിഞ്ഞില്ലെങ്കിൽ ഉപേക്ഷിക്കും.
തോമസ് ബാച്ച്
ഐ.ഒ.സി തലവൻ
2020 ജൂലായ് 24 മുതൽ ആഗസ്റ്റ് 9 വരെ നടത്താനാണ് നിശ്ചയിച്ചിരുന്നത്
2021 ജൂലായ് 23 മുതൽ ആഗസ്റ്റ് എട്ടുവരെ നടത്താനായാണ് മാറ്റിയിരിക്കുന്നത്.
1700 പേർക്കാണ് ജപ്പാനിൽ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 797 പേർ മരണപ്പെട്ടു.
60 ലക്ഷം കോടി ഡോളറിന്റെ നഷ്ടമാണ് ഒളിമ്പിക്സ് മാറ്റിവച്ചതിലൂടെ ഉണ്ടാവുകയെന്ന് ഐ.ഒ.സി കണക്ക് കൂട്ടുന്നു.
ചരിത്രത്തിൽ ആദ്യമായാണ് ഒരു ഒളിമ്പിക്സ് നീട്ടിവയ്ക്കേണ്ടിവരുന്നത്. ഇതിന് മുമ്പ് ലോക മഹായുദ്ധങ്ങൾ കാരണം മൂന്ന് ഒളിമ്പിക്സുകൾ ഉപേക്ഷിച്ചിരുന്നു.